.എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസുമായുള്ള ബന്ധം വിച്ഛേദിച്ച്
പുതിയ പാര്‍ട്ടി രൂപവത്കരിക്കും .ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിക്കും
തിരുവനന്തപുരം: എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് കേരളഘടകം. ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പേര് രജിസ്റ്റര്‍ ചെയ്യും. സംസ്ഥാനത്ത് പാര്‍ട്ടി ഇടതു പക്ഷത്തിനൊപ്പം നില്‍ക്കുമെന്നും മാത്യു.ടി തോമസ് എം.എല്‍.എ അറിയിച്ചു.
പാര്‍ട്ടി നേതാവ് എച്ച്.ഡി. കുമാരസ്വാമി നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമായതോടെയാണ് കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍നിന്ന് തെറ്റിപ്പിരിയാന്‍ തീരുമാനിച്ചത്. ഒരേസമയം ബി.ജെ.പി സര്‍ക്കാരിലും കേരളത്തില്‍ ഇടതുസര്‍ക്കാരിലും ജെ.ഡി.എസ് അംഗമായിരിക്കുന്നതിനെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ.ഡി.എസ് ദേശീയ നേതൃത്വം എന്‍.ഡി.എയുടെ ഘടകകക്ഷിയായത്.
ബി.ജെ.പിയോടൊപ്പംനിന്ന് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ഘടകമായി കേരളത്തിലെ ഘടകം അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി തുടരുമെന്നും സംസ്ഥാന പ്രസിഡന്‍റ് മാത്യു.ടി. തോമസ് എംഎല്‍എ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖകളില്‍ ഒരുപക്ഷെ ഒരു പാര്‍ട്ടിയെന്ന് കാണുന്നതൊഴിച്ചാല്‍ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് എടുത്തുകൊണ്ടാണ് കേരളത്തിലെ ഘടകം കഴിഞ്ഞ കുറേ നാളുകളായി പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ സാങ്കേതികമായ ഈ അപാകത പരിഹരിക്കപ്പെടേണ്ടതാണെന്ന് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള ജനപ്രതിനിധികള്‍ക്ക് അവരെ തെരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യാതൊരു തടസ്സവും ഉണ്ടാകാത്ത രീതിയിലുള്ള നടപടികളിലേക്ക് നീങ്ങുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും ജനതാദള്‍ എസ് എന്ന പേര് കേരളത്തിലെ പാര്‍ട്ടിക്ക് ഉപേക്ഷിക്കേണ്ടിവരും. പേര് ഉപേക്ഷിച്ചുകൊണ്ട് ഒരു പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യാന്‍ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ പുതിയ പാര്‍ട്ടിയിലേക്ക് കേരളഘടകം ലയിക്കാനാണ് ആലോചന. ഇതിന് നിയമപരമായ കാര്യങ്ങള്‍കൂടി പരിശോധിക്കണം. ദേശീയ നേതൃത്വം ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ അതിലേക്ക് ലയിക്കും. മാത്യു.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.