കോഴിക്കോട് :മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ച തലാസീമിയ രോഗികള്‍ ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച രക്തജന്യരോഗികളുടെ കുടുംബ സംഗമത്തിനെത്തിയത് സന്തോഷവും ആവേശവും പകര്‍ന്നു.ശസ്ത്രക്രിയയുടെ കടമ്പ കടന്ന് ജീവിതം തളിരിട്ട സന്തോഷവുമായായിരുന്നു അവര്‍ റീജ്യണല്‍ സയന്‍സ് സെന്‍ററില്‍ പരിപാടിക്കെത്തിയത്.
പ്രമുഖ രക്തരോഗ വിദഗ്ധനും ബംഗളൂരു മജുംദാര്‍ ഷാ മെഡിക്കല്‍ സെന്‍റര്‍ ഡയറക്ടറുമായ ഡോ.സുനില്‍ ഭട്ടും ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരിയും ചേര്‍ന്ന് സ്വീകരിച്ചു. മജ്ജമാറ്റി വെക്കല്‍ ശസ്ത്രക്രിയ ഇപ്പോള്‍ തൊണ്ണൂറ് ശതമാനത്തിലധികം വിജയമാണെന്ന് ഡോ.സുനില്‍ ഭട്ട് പറഞ്ഞു.
റീജ്യണല്‍ സയന്‍സ് സെന്‍റര്‍ വിദ്യാഭ്യാസ ഓഫീസര്‍ കെ.ബിനോജ്, ഡോ. റിയ,കെ.എം. ചിന്മ, റഹീം നന്തി, എം.വി.അബ്ദുല്‍ അസീസ്, സുരേഷ്, ഒ.എം. സഫീര്‍, എ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.