കോഴിക്കോട്. മരുന്ന് എത്തിയെന്ന അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് ഡോക്ടറുടെ ശീട്ടുമായി മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ എത്തിയ തലാസീമിയ രോഗികളെ മരുന്ന് സ്റ്റോക്ക് തീര്‍ന്നെന്ന് പറഞ്ഞ് മടക്കി അയച്ചതായി പരാതി. ഒട്ടുവളരെ പേര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നതായികേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രോട്ടക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
തലാസീമിയ മേജര്‍ രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനാവശ്യമായ അസുണ്‍റ എന്ന മരുന്ന് മെഡിക്കല്‍ കോളേജില്‍ എത്തിയെന്ന അറിയിപ്പുണ്ടായതിനെ തുടര്‍ന്നാണ് മരുന്നിന് ശീട്ടെഴുതിച്ച് രോഗികള്‍ ഫാര്‍മസിയില്‍ എത്തിയത്. എന്നാല്‍ മരുന്നില്ലെന്ന് പറഞ്ഞ് കൂടുതല്‍ രോഗികളെ മടക്കിഅയക്കുകയാണ് അധികൃതര്‍ ചെയ്തത്.
തലാസീമിയ രോഗികള്‍ക്ക് ഭാരിച്ച ചെലവ് വരുന്ന ദിനേന കഴിക്കേണ്ട മരുന്നുകള്‍ നല്‍കിവരുന്നത് ആശാധാരാപദ്ധതി വഴിയാണ്. ഇതിന്‍റെ ചെലവില്‍ അറുപത് ശതമാനം കേന്ദ്ര സര്‍ക്കാരും നാല്‍പ്പത് ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഴിക്കുന്നത്.രോഗികള്‍ക്ക് മരുന്നിന് വേണ്ടിയുള്ള ഫണ്ടിന് യാതൊരു മുടക്കവുമുണ്ടാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ പറയാറുള്ളത്. എന്നിട്ടും അസുണ്‍റ എന്ന ജീവന്‍ രക്ഷാമരുന്ന് കഴിക്കേണ്ട തലാസീമിയ രോഗികള്‍ക്ക് അത് ലഭ്യമാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. കാല്‍നൂറ്റാണ്ടിലധികക്കാലമായി തലാസീമിയ രോഗികള്‍ ജീവന്‍ രക്ഷാമരുന്നിന് സമരം ചെയ്തിട്ടും അവഗണിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് തുടരുന്നത്. തലാസീമിയ രോഗികള്‍ക്ക് ലുസ് പാറ്റര്‍സെപ്റ്റ് എന്ന ഇഞ്ചക്ഷന്‍ മരുന്ന് നല്‍കുന്ന കാര്യത്തിലും അനാസ്ഥയാണ്.
തലാസീമിയ രോഗികള്‍ കഴിച്ച് വരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്‍റ് സ്പ്രോട്ടക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. തലാസീമിയ രോഗികള്‍ക്ക് അസുണ്‍റ മരുന്ന് നല്‍കുന്ന കാര്യത്തിലുണ്ടായ വീഴ്ച മൂലം രോഗികള്‍ മടങ്ങേണ്ടിവന്ന സഹചര്യത്തെപ്പറ്റി അന്വേഷിക്കുമെന്ന് ആശാധാരാ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.രാഹുല്‍ അറിയിച്ചു.