പത്തനംതിട്ട:കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ചെവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കും.തഹസില്‍ദാര്‍ കലക്ടര്‍ക്ക് വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. തഹസില്‍ദാരുടെ വിശദീകരണത്തിന്‍റെയും എ.ഡി.എമ്മിന്‍റെ അന്വേഷണത്തിന്‍റേയും അടിസ്ഥാനത്തിലാകും അന്തിമ റിപ്പോര്‍ട്ട്. രണ്ട് ദിവസത്തെ ഉല്ലാസയാത്രക്ക് ശേഷം ഇന്നലെ പുലര്‍ച്ചെയാണ് ജീവനക്കാര്‍ തിരികെ വീടുകളിലെത്തിയത്.
കോന്നി താലൂക്ക് ഓഫീസില്‍ സ്വന്തം വാഹനങ്ങള്‍ ഇട്ടിട്ടാണ് യാത്ര തുടങ്ങിയതെങ്കിലും വാഹനങ്ങള്‍ തിരികെ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയില്ല. ഉല്ലാസയാത്രക്കിടെ തന്നെയാണ് തഹസില്‍ദാര്‍ സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് വിശദീകരണം നല്‍കിയതും. എഡിഎം താലൂക്ക് ഓഫീസിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് റവന്യു മന്ത്രി പറഞ്ഞിരുന്നെങ്കിലും വിവിധ സംഘടനകള്‍ ഉദ്യോഗസ്ഥരുടെ അവധിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനിടെയാണ് താലൂക്ക് ഓഫീസിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസില്‍ദാര്‍ എം.സി രാജേഷ് ഔദ്യോഗിക വാട്സ് ഗ്രൂപ്പില്‍ എം.എല്‍.എ ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിക്ക് പിന്നാലെ എം.എല്‍.എക്ക് എതിരായ തഹസില്‍ദാരുടെ ആരോപണത്തിന് മറുപടിയുമായി ജനീഷ് കുമാര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.