ജി20 ഉച്ചകോടി; രാജ്യതലസ്ഥാനം ഒരുങ്ങി

Latest News

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ഒരുങ്ങി. സെപ്റ്റംബര്‍ ഒമ്പത്, 10 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ 20 അംഗരാജ്യങ്ങളില്‍നിന്നുള്ള നേതാക്കളും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ഡിജിറ്റല്‍ മാറ്റം, കാലാവസ്ഥാ ഫണ്ടിംഗ്, സുസ്ഥിരവികസനം, ഭക്ഷ്യസുരക്ഷ എന്നീ വിവിധ മേഖലകളില്‍ ചര്‍ച്ച നടക്കും.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യു.എസ്. പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഭാര്യ ജില്‍ ബൈഡന് കോവിഡ് പോസിറ്റീവായതിനാല്‍ ബൈഡന്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അഭ്യൂഹം ഉണ്ടായിരുന്നു
ഭൂപട വിവാദത്തെത്തുടര്‍ന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കില്ല. പകരം, പ്രധാനമന്ത്രി ലി കിയാംഗ് പങ്കെടുക്കും. 2008ല്‍ ജി 20 ഉച്ചകോടി ആരംഭിച്ചതിനുശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്‍റ് വിട്ടുനില്‍ക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ഉച്ചകോടിയില്‍ പങ്കെടുക്കും.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനിസ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജര്‍മന്‍ ചാന്‍സലര്‍ ലാഫ് ഷോള്‍സ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യോണ്‍ സുക്-യോള്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസ, ബംഗ്ലാദേശ് ധാനമന്ത്രി ഷേക്ക് ഹസീന, തുര്‍ക്കി പ്രസിഡന്‍റ് തെയ്പ് എര്‍ദോഗന്‍, അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ്, നൈജീരിയന്‍ പ്രസിഡന്‍റ് ബോല തിനുബു തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. പകരം, വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവ് പങ്കെടുക്കും.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഊര്‍സല ഫോണ്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ചാള്‍സ് മൈക്കിള്‍, മെക്സിക്കന്‍ പ്രസിഡന്‍റ് അന്‍ഡ്രസ് മാനുവല്‍ ലോപ്പസ് എന്നിവര്‍ പങ്കെടുത്തേക്കില്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ഇന്തോനേഷ്യന്‍ പ്രസിഡന്‍റ്ജോക്കോ വിഡൊഡൊ എന്നിവര്‍ പങ്കെടുക്കുന്ന കാര്യത്തിലും സ്ഥിരീകരണമില്ല.
ജി 20 ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കളെ സ്വീകരിക്കാന്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന അവതാറുകളും സജ്ജമായി. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ‘മദര്‍ ഓഫ് ഡെമോക്രസി’ എക്സിബിഷനില്‍ ലോകനേതാക്കളെ അവതാറുകള്‍ സ്വീകരിക്കുകയും പ്രദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്യും. ജി 20 യുടെ പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് പ്രദര്‍ശനം.
വേദകാലം മുതല്‍ ആധുനികകാലം വരെയുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ രൂപാന്തരീകരണമാണു പ്രദര്‍ശന വിഷയം.ഇംഗ്ലീഷ്, ഫ്രഞ്ച്, മാന്‍ഡരിന്‍, ഇറ്റാലിയന്‍, കൊറിയന്‍, ജാപ്പനീസ് ഭാഷകള്‍ ഉള്‍പ്പെടെ 16 ആഗോളഭാഷകളില്‍ പ്രദര്‍ശനം അവതരിപ്പിക്കും. ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ ചരിത്രം 26 സ്ക്രീനുകളിലാണ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *