ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ജപ്പാന്‍ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പങ്കെടുത്തേക്കില്ല.പാര്‍ലമെന്‍ററി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായാണ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജപ്പാനില്‍ ബഡ്ജറ്റ് കമ്മിറ്റി നടക്കുകയാണ്. യോഷിമാസയ്ക്ക് പകരം സഹമന്ത്രിയെ അയയ്ക്കാനാണ് സാദ്ധ്യത. ബുധനാഴ്ച മുതലാണ് ജി20 ഉച്ചകോടി ആരംഭിക്കുന്നത്.
അതേസമയം, വെള്ളിയാഴ്ച നടക്കുന്ന ക്വാഡ് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ യോഷിമാസ പങ്കെടുക്കുമോയെന്നതില്‍ സ്ഥിരീകരണമായില്ല. യു എസ്, ഓസ്ട്രേലിയ എന്നിവരാണ് ഇന്ത്യയ്ക്കും ജപ്പാനും പുറമേയുള്ള ക്വാഡ് രാഷ്ട്രങ്ങള്‍.
ജപ്പാന്‍ വിദേശകാര്യ മന്ത്രി ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാത്തത് മറ്റ് അംഗരാജ്യങ്ങളുടെ അതൃപ്തിയ്ക്ക് കാരണമായേക്കാം. ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍, റഷ്യ- യുക്രെയ്ന്‍ യുദ്ധം എന്നിവയ്ക്കിടയില്‍ നരേന്ദ്ര മോദി സര്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ജപ്പാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉച്ചകോടിയില്‍ നിന്ന് വിദേശകാര്യമന്ത്രി വിട്ടുനില്‍ക്കുന്നത്. മേയില്‍ നടക്കുന്ന ജി7 ഉച്ചകോടി ജപ്പാന്‍ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഇത്തരമൊരു നടപടിയെന്നത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ നരേന്ദ്ര മോദി ജപ്പാനിലെത്തുകയും നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണികളെ നേരിടാന്‍ അമേരിക്കയ്ക്ക് പുറമേ പങ്കാളികളെ തേടുകയാണ് ജപ്പാന്‍. അതിനാല്‍തന്നെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കിഷിദ സര്‍ക്കാര്‍ മുന്‍ഗണന നല്‍കാറുണ്ട്. മാത്രമല്ല ജനുവരിയില്‍ ഇന്ത്യയും ജപ്പാനും ആദ്യമായി സംയുക്ത സൈനിക വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയെയും ഓസ്ട്രേലിയയെയും ക്ഷണിക്കാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് ജപ്പാന്‍.
ജപ്പാനിന്‍റെ വിദേശനയങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതായിരിക്കും നടപടിയെന്ന് ഒരു ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ജപ്പാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ജി7ന് ആണെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.