ന്യൂഡല്‍ഹി : ഇന്ത്യന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യന്‍ സ്പേസ് പോര്‍ട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 3.20-നായിരുന്നു വിക്ഷേപണം.ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആദ്യ ഉപഗ്രഹ കരാര്‍ ദൗത്യമായിരുന്നു ഇത്.അരിയാന്‍ സ്പേസിന് ഈ വിക്ഷേപണം മറ്റൊരു സാധാരണ ദൗത്യം മാത്രം, എന്നാല്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് ഇത് പുതിയൊരു അധ്യായത്തിന്‍റെ തുടക്കമാണ്.
ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം വിജയമായത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു നേട്ടമായി.ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മ്മിച്ച നാല് ടണ്‍ ഭാരമുള്ള കു ബാന്‍ഡ് ഉപഗ്രഹം അരിയാന്‍ 5 കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭിച്ചു.
അരിയാന്‍ സ്പേസ് വിക്ഷേപിക്കുന്ന 25-ാം ഇന്ത്യന്‍ ഉപഗ്രഹം കൂടിയായിരുന്നു ഇത്.ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനായി 2019-ലാണ് സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്‍റര്‍പ്രൈസായി എന്‍എസ്ഐഎല്‍ രൂപീകരിക്കുന്നത്. 2020-ലെ ബഹിരാകാശ നയമാറ്റത്തോടെയാണ് ഇസ്രൊയുടെ വിക്ഷേപണ വാഹനങ്ങളില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാറുകള്‍ക്കപ്പുറം ഉപഗ്രഹ നിര്‍മ്മാണ കരാറുകള്‍ കൂടി ഏറ്റെടുക്കാന്‍ എന്‍എസ്ഐഎല്ലിന് അനുമതി കിട്ടുന്നത്. ഈ വിഭാഗത്തില്‍ ആദ്യത്തേതായിരുന്നു ടാറ്റ പ്ലേയുമായുള്ളത്.ഉപഗ്രഹം നിര്‍മ്മിച്ചു നല്‍കിയത് ഐഎസ്ആര്‍ഒ ആണെങ്കിലും നിയന്ത്രണം പൂര്‍ണ്ണമായും എന്‍എസ്ഐഎല്ലിനാണ്. പുതിയ നയമനുസരിച്ച് ഐഎസ്ആര്‍ഒയുടെ പത്ത് ഉപഗ്രഹങ്ങള്‍ കമ്പനി ഏറ്റെടുത്ത് കഴിഞ്ഞു. ജിസാറ്റ് 24 കമ്പനിയുടെ നിയന്ത്രണത്തില്‍ വരുന്ന പതിനൊന്നാം ഉപഗ്രഹമാണ്. ടാറ്റ പ്ലേയുടെ ഡിടിഎച്ച് സേവനങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കും ഈ ഉപഗ്രഹം ഉപയോഗിക്കുക. ജിസാറ്റ് 24-ന് പിന്നാലെ കൂടുതല്‍ വാണിജ്യ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ് എന്‍എസ്ഐഎല്‍.