ജി എസ് ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം 19ന്

Top News

തിരുവനന്തപുരം : സംസ്ഥാന ചരക്കുസേവന നികുതി (ജിഎസ്ടി) വകുപ്പിന്‍റെ പുനഃസംഘടനയുടെ ഓദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് നടക്കുമെന്ന് ധനമന്ത്രി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.2017 മുതല്‍ രാജ്യത്ത് നടപ്പില്‍ വന്ന ചരക്കുസേവന നികുതി നിയമനത്തിനനുസൃതമായി സംസ്ഥാനത്തെ നികുതി ഭരണസംവിധാനത്തെ പുനഃസംഘടിപ്പിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് സാക്ഷാല്‍ക്കരിക്കുന്നത്. 2023 ജനുവരി 10 മുതല്‍ പുനഃസംഘടന നടപ്പായി. രാജ്യത്താദ്യമായാണ് നികുതി ഭരണസംവിധാനം ഇത്തരത്തില്‍ സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടത്.
ടാക്സ് പേയര്‍ സര്‍വീസസ്, ഓഡിറ്റ്, ഇന്‍റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് എന്നിങ്ങനെ മൂന്നു ശ്രേണിയിലായി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കപ്പെടും. നിലവില്‍ സംസ്ഥാന നികുതിവകുപ്പിന്‍റെ പരിശോധനാ രീതികളില്‍ ഓഡിറ്റ് ഉള്‍പ്പെട്ടിരുന്നില്ല. ഓഡിറ്റ് പരിശോധന നമ്മുടെ നികുതി സംവിധാനത്തിന്‍റെ ഭാഗമാകുന്നതോടെ കൂടുതല്‍ ശാസ്ത്രീയമായും കാര്യക്ഷമമായും നികുതി നിര്‍ണയിക്കാന്‍ കഴിയും.പ്രൊഫഷണലായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിയും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും നികുതിഭരണം മികവുറ്റതാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നികുതി ചോര്‍ച്ച കുറച്ചും വെട്ടിപ്പ് തടഞ്ഞും നികുതി ഒടുക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയും കാര്യക്ഷമമായ നികുതി നിര്‍വഹണം സാധ്യമാക്കാനുള്ള സുപ്രധാന നടപടിയാണ് പുനഃസംഘടനയെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *