വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ക്ക് തുടര്‍ ചികിത്സ ഇനി വീട്ടില്‍ നല്‍കും. 98 കാരനായ കാര്‍ട്ടറിന് കരളിലേക്കും തലച്ചോറിലേക്കും പടരുന്ന മെലനോമ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്.എട്ടു വര്‍ഷം രോഗം കണ്ടെത്തിയത്. ആശുപത്രിയില്‍ കൂടുതല്‍ ചികിത്സ തേടുന്നതിനു പകരം ശേഷിക്കുന്ന സമയം കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് കാര്‍ട്ടര്‍ സെന്‍റര്‍ അറിയിച്ചു.ജീവിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജിമ്മി കാര്‍ട്ടര്‍. അതോടൊപ്പം അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മുന്‍ പ്രസിഡന്‍റു കൂടിയാണ് അദ്ദേഹം.
1977 മുതല്‍ 1981 വരെയാണ് ജിമ്മി കാര്‍ട്ടര്‍ യു.എസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചത്. പ്രസിഡന്‍റ് പദം ഒഴിഞ്ഞശേഷം ഭാര്യ റോസലിന്‍ കാര്‍ട്ടറിനൊപ്പമാണ് അദ്ദേഹം കാര്‍ട്ടര്‍ സെന്‍റര്‍ സ്ഥാപിച്ചത്. പാവപ്പെട്ടവരുടെ സഹായത്തിനു വേണ്ടിയായിരുന്നു അത്. 2002ല്‍ ജിമ്മി കാര്‍ട്ടര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 90ാം വയസ്സിലും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന കാര്‍ട്ടര്‍ 2020 വരെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിന് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. നാലായിരത്തിലേറെ വീടുകളാണ് കാര്‍ട്ടര്‍ നിര്‍മിച്ചു നല്‍കിയത്.