ന്യൂഡല്‍ഹി: ഫെബ്രുവരി മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ വന്‍ വര്‍ധന. 1,33,026 കോടി രൂപയാണ് ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനമായി ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണക്കാലത്തെ ഫെബ്രുവരിയില്‍ ഉണ്ടായതിനെക്കാള്‍ 26 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 2021 ഫെബ്രുവരിയിലെ വരുമാനത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. 2017 ജൂലൈ ജിഎസ്ടി അവതരിപ്പിച്ചതിന് ശേഷം ഇത് അഞ്ചാം തവണയാണ് വരുമാനം 1.30 ലക്ഷം കോടിയെന്ന കടമ്ബ കടക്കുന്നത്.
ചരക്ക് ഇറക്കുമതിയിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വര്‍ധനവ് ഉണ്ടായി. ആഭ്യന്തര ഇടപാടുകളില്‍ 12 ശതമാനം വര്‍ധനവും ഉണ്ടായി. ജിഎസ്ടി സെസ് വരുമാനം 10,000 കോടി കടന്നു. ഇതാദ്യമായാണ് സെസ് വരുമാനത്തില്‍ ഇത്രയധികം വര്‍ധന ഉണ്ടാകുന്നത്. 10,340 കോടിയാണ് കഴിഞ്ഞ മാസം സെസില്‍ നിന്നും ലഭിച്ചത്. ഇതില്‍ 638 കോടിയും ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെയാണ് ലഭിച്ചത്. ജനുവരി മാസത്തില്‍ ജിഎസ്ടി വരുമാനം 1.41 ലക്ഷം കോടി രൂപയായിരുന്നു.
28 ദിവസം മാത്രമുള്ള ഫെബ്രുവരിയില്‍ ജനുവരി മാസത്തേത്തിലും കുറവ് വരുമാനമാണ് സാധാരണ ലഭിക്കാറുള്ളത്. കൊറോണയുടെ നിയന്ത്രണങ്ങള്‍ ജനുവരിയില്‍ പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലും മികച്ച വരുമാനമാണ് ലഭിച്ചത്.