ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ വിചാരണക്കോടതി നല്‍കിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് തിരിച്ചടി. ജാമ്യം സ്റ്റേ ചെയ്തു. ഇഡിയുടെ അപേക്ഷ പരിഗണിക്കാന്‍ കൂടുതല്‍ സമയംവേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ തിഹാര്‍ ജയിലില്‍ അരവിന്ദ് കേജ്രിവാള്‍ തുടരും. ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇന്നലെ വീണ്ടും ഹര്‍ജി പരിഗണിച്ച കോടതി വിചാരണക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.
മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കേജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ രണ്ടാന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.