ബര്‍ലിന്‍ : കൊവിഡ് നാലാം തരംഗം ആരംഭിച്ചതിന് പിന്നാലെ ജര്‍മ്മനിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ദിനംപ്രതി കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി കുതിച്ചുയരുന്ന രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. നാലാം തരംഗം ആരംഭിച്ച് നാലാഴ്ച പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തത് ഏവരേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ജര്‍മനിയില്‍ നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്നും ഇതില്‍ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല പോംവഴി വാക്സിനെടുക്കുകയെന്നതാണെന്നും ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമേ വാക്സിന് സ്വീകരിച്ചിട്ടുള്ളൂവെന്നും വാക്സിന് വിതരണം പൂര്‍ത്തിയാകാത്തതിനിലാണ് രാജ്യത്ത് ഇപ്പോള്‍ അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനിയിലെ വിവിധ മേഖലകളിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ ഇതിനോടകം നിറഞ്ഞു കവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ പരിശോധനകകള്‍ നിര്‍ത്തലാക്കിയത് ജര്‍മ്മനിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാക്സിന് എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി രാജ്യത്ത് സൗജന്യ പരിശോധന നിര്‍ത്തലാക്കുകയും പരിശോധനയ്ക്ക് 19 യൂറോ ഫീസ് നിശ്ചയിക്കുകയുമായിരുന്നു.