ജര്‍മ്മനിയെ വീണ്ടും അട്ടിമറിച്ച് ജപ്പാന്‍

Top News

മ്യൂണിക്:ഖത്തര്‍ ലോകകപ്പില്‍ ജപ്പാനോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മനി ഒരിക്കല്‍ കൂടി ജപ്പാന് മുന്നില്‍ നാണംകെട്ടു. സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജപ്പാന്‍ ലോകകപ്പില്‍ നേടിയത് അട്ടിമറി വിജയമായിരുന്നില്ലെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു അടുത്ത വര്‍ഷം യൂറോ കപ്പിന് ആതിഥേയരാകുന്ന ജര്‍മനിയുടെ ഞെട്ടിക്കുന്ന തോല്‍വി ആരാധകരെയും നിരാശരാക്കി. അവസാനം കളിച്ച 17 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ജര്‍മനിക്ക് ജയിക്കാനായത്. ഇതോടെ കോച്ച് ഹാന്‍സി ഫ്ലിക്കിന്‍രെ ഭാവിയും തുലാസിലായി.
ജര്‍മനിക്കെതിരെ 11ാം മിനിറ്റില്‍ ജുന്യ ഇട്ടോയുടെ ഗോളിലൂടെ മുന്നിലെത്തിയ ജപ്പാനെ 19-ാം മിനിറ്റില്‍ ലിറോയ് സാനെയുടെ ഗോളിലൂടെ ജര്‍മനയില്‍ സമനിലയില്‍ പിടിച്ചെങ്കിലും ആശ്വാസം അധികം നീണ്ടില്ല. മൂന്ന് മിനിറ്റിനകം അയാസെ യുവേഡ വീണ്ടും ജപ്പാനെ മുന്നിലെത്തിച്ചു. സമനില ഗോളിനായുള്ള ജര്‍മനിയുടെ ശ്രമങ്ങളെല്ലാം ഫലപ്രദമായി തടഞ്ഞ ജപ്പാന്‍ കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ 90ാം മിനിറ്റില്‍ ടാകുമ അസാനോയിലൂടെ മൂന്നാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ടനാക ജര്‍മനിയുടെ പതനം പൂര്‍ത്തിയാക്കി നാലാം ഗോളും നേടിയതോടെ നാലു തവണ ലോക ചാമ്പ്യന്‍മാരായ ജര്‍മനി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാണംകെട്ടു.

Leave a Reply

Your email address will not be published. Required fields are marked *