ചെന്നൈ: സൂര്യ നായകനായി അഭിനയിച്ച ജയ് ഭീം സിനിമയിലെ ചില രംഗങ്ങള്‍ വണ്ണിയര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായ പരാതിയിന്‍മേല്‍ നിര്‍മാതാക്കളായ സൂര്യ ജ്യോതിക ദമ്പതികള്‍ക്കെതിരെയും സംവിധായകന്‍ ടി.ജെ.ജ്ഞാനവേലിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചെന്നൈ സൈദാപേട്ട കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ‘രൂദ്ര വണ്ണിയര്‍ സേന’ എന്ന ജാതി സംഘടനയാണ് പരാതി നല്‍കിയത്.
മെയ് 20നകം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ഉത്തരവ്.സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പൊലീസുകാരന്‍റെ കഥാപാത്രം വണ്ണിയര്‍ ജാതിയില്‍പ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തില്‍ ബോധപൂര്‍വം ചിത്രീകരിച്ചതായാണ് മുഖ്യ ആരോപണം. യഥാര്‍ഥത്തില്‍ ക്രിസ്ത്യാനിയായ അന്തോണി സാമിയെന്ന പൊലീസ് ഇന്‍സ്പെക്ടറാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു.
വണ്ണിയര്‍ സമുദായത്തിനെതിരെ തെറ്റായതും ദുരുദ്ദേശപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളും രംഗങ്ങളും നീക്കുക, നിര്‍മാതാക്കള്‍ നിരുപാധികം മാപ്പ് പറയുക, അഞ്ച് കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വണ്ണിയര്‍ സംഘം നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമ വന്‍ വിജയമായിരുന്നു. ഓസ്ക്കാറിന് പരിഗണിക്കപ്പെട്ട സിനിമ ആമസോണ്‍ പ്രൈം ഒ.ടി.ടി പ്ലാറ്റഫോമിലും റിലീസ് ചെയ്തു.