ജയിലുകളില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കും: മുഖ്യമന്ത്രി

Latest News

തവനൂര്‍: മലപ്പുറം ജില്ലയിലെ തവനൂരില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ജയിലിലെ തടവുകാര്‍ക്കായി മാസ്ക് നിര്‍മ്മാണ യൂണിറ്റ്, ഷൂ നിര്‍മ്മാണ യൂണിറ്റ്, ഫര്‍ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റ് എന്നിവ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയിലാണ് തവനൂരില്‍ ഉദ്ഘാടനം ചെയ്തത്.’ചില പ്രത്യേക സാഹചര്യങ്ങളിലാണ് ചിലര്‍ കുറ്റവാളികളായി മാറുന്നത്. അവരെ സ്ഥിരം കുറ്റവാളികളായി നിലനിര്‍ത്തുകയല്ല സമൂഹത്തിന് ആവശ്യം. അതുകൊണ്ടു തന്നെ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തി ഈ ശിക്ഷാ കാലയളവ് നല്ലൊരു തിരുത്തല്‍ പ്രക്രിയയ്ക്ക് സഹായകമായി മാറണം’, മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.’ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തുപോകുമ്പോള്‍ പൊതുസമൂഹത്തിന്‍റെ ഭാഗമായി ഉത്തമ പൗരനായി ജീവിതം നയിക്കാന്‍ ഓരോ അന്തേവാസിക്കും കഴിയണം. അതിനുതകുന്ന നടപടികളാണ് ജയിലിനകത്ത് ഒരുക്കുന്നത്.
തടവുകാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തണം’.’നിരവധി പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മറ്റാരുടെയും സഹായമില്ലാതെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ്. 12 ജയിലുകളില്‍ ഭക്ഷ്യ ഉല്‍പാദന യൂണിറ്റ് നടക്കുന്നുണ്ട്. ഡ്രൈവിംഗ്, ടെയ്ലറിംഗ്, ഇലക്ട്രിക്, ഹാര്‍ഡ് വെയര്‍, സ്ക്രീന്‍ പ്രിന്‍റിംഗ്, ഡ്രെസ് ഡിസൈനിംഗ്, ലൈബ്രറി സയന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ ജയിലില്‍ പരിശീലനം നല്‍കുന്നുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.മൂന്ന് നിലകളിലായി തടവുകാരെ പാര്‍പ്പിക്കുന്ന ജയിലുകള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വമാണ് അതിലൊന്നാണ് തവനൂരിലെ ജയിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജയിലിനുളളില്‍ മാസ്ക് നിര്‍മ്മാണ യൂണിറ്റ് ഉള്‍പ്പെടെയുളള തൊഴില്‍ പരിശീലന യൂണിറ്റുകള്‍ ആരംഭിക്കും. സിസിടിവി അടക്കമുളള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. ഇതിനെല്ലാം കൂടി 2 കോടിയിലധികം രൂപ നീക്കിവെച്ചിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *