ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലുടെ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടും.കാഷ്മീരിലെ ഇരട്ട സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടാന്‍ തീരുമാനിച്ചത്.ശനിയാഴ്ച രാവിലെയാണ് ജമ്മുകാഷ്മീരിലെ വ്യവസായമേഖലയായ നര്‍വാളില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. പതിനഞ്ച് മിനിറ്റിന്‍റെ ഇടവേളകളിലുണ്ടായ ഇരട്ടസ്ഫോടനങ്ങളില്‍ ഒമ്പതു പേര്‍ക്കു പരിക്കേറ്റു.അറ്റകുറ്റപ്പണിക്കായി വര്‍ക്ക്ഷോപ്പിലെത്തിച്ച വാഹനത്തിലാണ് ആദ്യം സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പതിനഞ്ചുമിനിറ്റിനുശേഷമാണ് രണ്ടാം സ്ഫോടനം. പഴയ സാമ ഗ്രികള്‍ സൂക്ഷിച്ചിരുന്ന ഇടത്തായിരുന്നു ഇത്.
സംഭവം ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് എന്‍ഐഎ സംഘം പരിശോധന നടത്തി. റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നിലവിലുണ്ടായിരുന്നു. അതിനിടെ ഭാരത് ജോഡോ യാത്രയ്ക്കിടെ നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ഇഷര്‍പ്രീത് സിംഗ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
പഞ്ചാബിലെ പാരാലിമ്പിക്സ് താരങ്ങളുടെ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചു. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം രാഹുല്‍ ഗാന്ധി തന്‍റെ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.