ജമ്മു-കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയം: അന്തിമ വിജ്ഞാപനം പുറത്തിറക്കി

Top News

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ അന്തിമ വിജ്ഞാപനമായി. മണ്ഡല പുനര്‍നിര്‍ണയ കമീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കിയത്.അസംബ്ലിയിലേക്ക് ജമ്മു ഡിവിഷനില്‍ ആറു സീറ്റ് വര്‍ധിപ്പിച്ചപ്പോള്‍ കശ്മീര്‍ ഡിവിഷനില്‍ ഒരു സീറ്റ് മാത്രമാണ് കൂട്ടിയത്. ഇതോടെ ജമ്മു-കശ്മീരില്‍ ആകെ 83 സീറ്റുണ്ടായിരുന്നത് 90 സീറ്റായി വര്‍ധിച്ചു. കശ്മീര്‍ ഡിവിഷനില്‍ 47ഉം ജമ്മു ഡിവിഷനില്‍ 43ഉം സീറ്റുമാണ് ശിപാര്‍ശയിലുള്ളത്.
നിലവില്‍ കശ്മീരില്‍ 46ഉം ജമ്മുവില്‍ 37ഉം സീറ്റുകളാണുള്ളത്.അംഗങ്ങളില്‍ രണ്ടു പേര്‍ കശ്മീര്‍ കുടിയേറ്റ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരായിരിക്കണമെന്നും അതിലൊരാള്‍ വനിതയാവണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്, ജമ്മുവില്‍ ആറും കശ്മീരില്‍ മൂന്നും. 18 വീതം അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് പാര്‍ലമെന്‍റ് മണ്ഡലങ്ങളാണ് കശ്മീര്‍, ജമ്മു ഡിവിഷനുകളിലായി ഉണ്ടാവുക.
ജമ്മുവിലെ രജൗറി, പൂഞ്ച് അസംബ്ലി സീറ്റുകള്‍ ഉള്‍പ്പെടുത്തി കശ്മീരിലെ അനന്ത്നാഗ് മണ്ഡലം പുനര്‍നിര്‍ണയിച്ചതാണ് പ്രധാന മാറ്റം.ചില അസംബ്ലി മണ്ഡലങ്ങളുടെ പേരുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. തന്‍ങ്മാര്‍ഗ്-ഗുല്‍മാര്‍ഗ്, സോന്‍വാര്‍-ലാല്‍ചൗക്ക്, സൂനിമര്‍-സെയ്ദിബാല്‍, പാദ്ദര്‍ പാദ്ദര്‍-ഗാഗ്സേനി, വടക്കന്‍ കത്വ -ജസോര്‍ട്ട, തെക്കന്‍ കത്വ-കത്വ, ഖൗര്‍-ചാമ്ബ്, മാഹോര്‍-ഗുലാബ്ഗര്‍, ദര്‍ഹാല്‍-ബുദ്ഹാല്‍ എന്നിങ്ങനെയാണ് മാറ്റം.2019 ഒക്ടോബറില്‍ സംസ്ഥാനത്തിന് ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിനുപിന്നാലെ 2020 മാര്‍ച്ചിലാണ് ജമ്മു-കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണയത്തിനായി കമീഷനെ നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *