ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ മൂന്നിടങ്ങളിലാണ് വെടിവയ്പുണ്ടായത്. ഒരു ഔഷധ വ്യാപാരി, തെരുവോര ഭക്ഷണ വിതരണക്കാരന്‍, ഒരു ടാക്സി ഡ്രൈവര്‍ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ ഇക്ബാല്‍ പാര്‍ക്കിലുള്ള ബിന്ദ്രൂ മെഡികോറ്റ് ഫാര്‍മസി ഉടമയും പ്രമുഖ ബിസിനസുകാരനുമായ മഖന്‍ ലാല്‍ ബിന്ദ്രൂ (70) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. വൈകിട്ട് ഏഴു മണിയോടെ ഫാര്‍മസിക്കുള്ളിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് ലാല്‍ ബസാറില്‍ വെടിവയ്പുണ്ടായത്. തെരുവില്‍ ഭക്ഷണം വിറ്റിരുന്ന വീരേന്ദ്രര്‍ പസ്വാന്‍ ആണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ ഇദ്ദേഹം സദിബാലിലാണ് താമസിച്ചിരുന്നത്. നാലു ദിവസത്തിനുള്ളില്‍ കശ്മീരില്‍ കൊല്ലപ്പെടുന്ന നാലാമത്തെ നാട്ടുകാരനാണിത്. ഒരു മണിക്കൂറിനു ശേഷം ബന്ദിപോറയിലാണ് വെടിവയ്പുണ്ടായത്. മുഹമ്മദ് ഷാഫി എന്ന ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.