. ഇന്ത്യമുന്നണിക്ക് തിരിച്ചടി
മുംബൈ: പിളര്‍ന്ന് രണ്ടായ എന്‍.സിപി.യില്‍ അജിത് പവാര്‍ പക്ഷത്തിന് അനുകൂലമായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ വിധി. എംഎല്‍എമാരുടെ അയോഗ്യതാ പ്രശ്നത്തില്‍ അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ രാഹുല്‍ നല്‍വേക്കര്‍ വിധി പറഞ്ഞത്. ഇതോടെ അജിത് പവാര്‍ വിഭാഗം യഥാര്‍ത്ഥ എന്‍.സി.പിയായി മാറി. തെരഞ്ഞെടുപ്പ് കമ്മിഷനും അജിത് പവാര്‍ വിഭാഗത്തിന് അംഗീകാരം നല്‍കിയിരുന്നു.
അജിത് പവാറിനൊപ്പം നില്‍ക്കാതിരുന്ന ശരത്പവാര്‍ വിഭാഗം അംഗങ്ങളെ അയോഗ്യരാക്കണമെന്നും സ്പീക്കര്‍ക്ക് മുന്നില്‍ പരാതി ഉണ്ടായിരുന്നു. ഇതോടെ ശരത് പവാറിനൊപ്പമുള്ളവര്‍ കൂടുതല്‍ പ്രതിസന്ധിയിലാവും.
എന്‍.സി.പി പിളര്‍പ്പുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, സ്പീക്കറോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്‍കിയ സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് സ്പീക്കര്‍ വിധി പറഞ്ഞത്. പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പി ക്യാമ്പില്‍ എത്തിയ അജിത് പവാര്‍ അടക്കമുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ശരത്പവാര്‍ വിഭാഗത്തിന്‍റെ ആവശ്യം. അജിത് പക്ഷം തിരിച്ചും പരാതി നല്‍കിയിരുന്നു. ഇരു വിഭാഗത്തിന്‍റെയും വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇരുപാര്‍ട്ടി ഘടകങ്ങളുടെയും വിപ്പില്‍ വ്യക്തത വരുത്തുന്നതിനും സ്പീക്കറുടെ തീരുമാനം നിര്‍ണായകമായിരുന്നു.