പാകിസ്ഥാനുമായി ചര്‍ച്ചയില്ല
ശ്രീനഗര്‍: വോട്ടര്‍ പട്ടിക പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ജമ്മുകശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കു തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നുദിവസത്തെ കശ്മിര്‍ സന്ദര്‍ശനത്തിന്‍റെ അവസാനദിനമായ ഇന്നലെ ബാരമുള്ളയിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.കശ്മീരില്‍ കാര്യങ്ങള്‍ മാറുകയാണ്. പുതിയ നിക്ഷേപങ്ങള്‍ എത്തുന്നു. ടൂറിസത്തില്‍ കുതിച്ചുചാട്ടമുണ്ടായി. ഏറ്റവും സമാധാനമുള്ള സ്ഥലമായി കാശ്മീരിനെ മാറ്റും. കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ കാര്യത്തിലും സുതാര്യത ഉറപ്പുവരുത്തും.മണ്ഡല പുനര്‍നിര്‍ണയം നടപ്പില്‍വരുത്തി കഴിഞ്ഞു. വോട്ടര്‍പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ളവര്‍ ഭരിക്കും. അമിത് ഷാ പറഞ്ഞു.
ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന് ചിലര്‍ പറയുന്നു. പക്ഷേ എന്തിനാണ് നമ്മള്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത്. അത് നടക്കില്ല. മോദിസര്‍ക്കാര്‍ യാതൊരുവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.ഭീകരപ്രവര്‍ത്തനം ജമ്മു കശ്മീരില്‍ നിന്ന് തുടച്ചുനീക്കും. അമിത് ഷാ പറഞ്ഞു.
കശ്മീര്‍ സന്ദര്‍ശനത്തിനിടെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതലയോഗം ചേര്‍ന്നിരുന്നു . അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ് വരയിലെ സുരക്ഷയും വിലയിരുത്തി.