ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി; കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് നിര്‍മല സീതാരാമന്‍

Top News

തിരുവനന്തപുരം: ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് സൂചനനല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനം ഏത് പാര്‍ട്ടി ഭരിക്കുന്നുവെന്ന് നോക്കിയല്ല കേന്ദ്ര സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. സെസ് ഇനത്തില്‍ കേന്ദ്രം പിരിക്കുന്ന പണം സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നതെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചില സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നത്. 14-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് വിതരണത്തെ കുറിച്ച് സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
എല്ലാ സംസ്ഥാനത്തെയും മന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലാണ് യഥാര്‍ഥ ഫെഡറല്‍ സംവിധാനത്തിന്‍റെ മാതൃക. അവിടെ നരേന്ദ്രമോദിയാണ് എല്ലാം തീരുമാനിക്കുന്നത് എന്നുള്ള ആക്ഷേപം വെറും രാഷ്ട്രീയപ്രേരിതമായ ഒന്നാണ്. ജിഎസ്ടി കൗണ്‍സിലില്‍ പ്രധാനമന്ത്രി പങ്കെടുത്തിട്ടില്ല. ഭരണഘടനയിലെ ഫെഡറല്‍ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *