ജപ്പാന് കോസ്റ്റോറിക്കയുടെ പ്രഹരം

Latest News Sports

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ജപ്പാനെതിരെ കോസ്റ്ററിക്കയ്ക്ക് ജയം. ജര്‍മനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്ററിക്ക തോല്‍പ്പിച്ചത്. കെയ്ഷര്‍ ഫുള്ളറാണ് ഗോള്‍ നേടിയത്. കോസ്റ്ററിക്ക ആദ്യ മത്സരത്തില്‍ സ്പെയ്നിനോട് എതിരില്ലാത്ത ഏഴ് ഗോളിന് പരാജയപ്പെട്ടിരുന്നു.
വലിയ അവസരങ്ങളൊന്നുമില്ലാതെ ഇരുടീമുകളും ആദ്യപകുതി അവസാനിപ്പിച്ചത്. അഞ്ചാം മിനിറ്റില്‍ കോസ്റ്ററിക്കയ്ക്ക ഫ്രീകിക്ക് ലഭിച്ചു. ജോയല്‍ കാംപെല്‍ ബോക്സിലേക്ക് ഉയര്‍ത്തിവിട്ട കിക്ക് ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഷുചി ഗോണ്ട കയ്യിലൊതുക്കി. ആദ്യ പത്ത് മിനിറ്റുകളില്‍ കോസ്റ്ററിക്കയുടെ പൂര്‍ണാധിപത്യത്തില്‍ ആയിരുന്നു കളി. 13-ാം മിനിറ്റിലാണ് ജപ്പാന്‍ ആദ്യമായി കോസ്റ്ററിക്കന്‍ ഗോള്‍ മുഖത്ത് ആക്രമണം നടത്തിയത്.എന്നാല്‍ റിട്സു ഡോവന്‍റെ നിലംപറ്റെയുള്ള ക്രോസ് സ്വീകരിക്കാന്‍ ബോക്സില്‍ ആരുമുണ്ടായില്ല. 35-ാം മിനിറ്റില്‍ കാംപെല്‍ ഒരു ലോംഗ് റേഞ്ച് ഷോട്ട് തൊടുത്തുവിട്ടു. ജപ്പാന്‍ ഗോള്‍കീപ്പര്‍ക്ക് അനായാസം കയ്യിലൊതുക്കാവുന്നതായിരുന്നു ഷോട്ട്. 39-ാം മിനിറ്റില്‍ ജപ്പാന്‍റെ ഡെയ്ച്ചി കമാഡയുടെ ഗോള്‍ശ്രമം കോസ്റ്ററിക്കന്‍ ഗോള്‍ കീപ്പര്‍ കെയ്ലര്‍ നവാസ് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ ജപ്പാന് 46-ാം മിനിറ്റില്‍ ഗോള്‍ നേടാന്‍ സുവര്‍ണാവസരം കിട്ടിയെങ്കിലും ബോക്സിന് തൊട്ടടുത്ത് നിന്ന് മൊറിറ്റയുടെ ഷോട്ട് നവാസ് തട്ടിയകറ്റി. 48-ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി ജപ്പാന് ലഭിച്ചു. അസാനോയുടെ ദുര്‍ബലമായ ഹെഡ്ഡര്‍ നവാസ് കയ്യിലൊതുക്കി. 63-ാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്ത് നിന്ന് ജപ്പാന്‍ ഫ്രീകിക്ക് അവസരം. എന്നാല്‍ മുതലാക്കാന്‍ കിക്കെടുത്ത സോമയ്ക്ക് സാധിച്ചില്ല. ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്.
81-ാം മിനിറ്റിലാണ് കോസ്റ്ററിക്കയുടെ വിജയ ഗോള്‍.മധ്യനിരതാരം യെല്‍സിന്‍ തജേദയുടെ പാസ് സ്വീകരിച്ച കെയ്ഷര്‍ ഫുള്ളര്‍ പന്ത് പോസ്റ്റിന്‍റെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റി. ജപ്പാനീസ് ഗോള്‍കീപ്പറുടെ കയ്യില്‍ തട്ടിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. 88-ാം മിനിറ്റില്‍ കോസ്റ്ററിക്കന്‍ പോസ്റ്റിലുണ്ടായ കൂട്ടപൊരിച്ചില്‍ സമനില കണ്ടെത്താനുള്ള അവസരം ജപ്പാനുണ്ടായിരുന്നു. എന്നാല്‍ കോസ്റ്റോറിക്കയുടെ ഗോള്‍കീപ്പര്‍ അവസരത്തിനു ഉയര്‍ന്നു അപകടം ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *