തൃശൂര്‍: സംസ്ഥാനങ്ങളുടെ ഫെഡറലിസത്തില്‍ മോദി കൈ കടത്തുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് കോണ്‍ഗ്രസും യു.ഡി.എഫും പ്രതിജ്ഞാബദ്ധരാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തേക്കിന്‍കാട് മൈതാനത്ത് തുടക്കമായ കോണ്‍ഗ്രസിന്‍റെ മഹാജനസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടേത് സ്വകാര്യ മേഖലയെ പ്രീണിപ്പിക്കുന്ന സമീപനമാണ്. സാധാരണക്കാര്‍ ദുരിതത്തിലാണ്. സ്ത്രീവിരുദ്ധരെയും ദളിത്വിരുദ്ധരെയും സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. കേരളത്തിലെ കലാലയങ്ങളില്‍ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും മറ്റുള്ളവര്‍ക്ക് അതിക്രമം നേരിടേണ്ടി വരുന്നു.
ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങളോട് സന്ധിയില്ലാ സമരം വേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ അതിക്രമങ്ങളെ മോദി സര്‍ക്കാര്‍ കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ്. എന്ത് കൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മോദി തയാറാകുന്നില്ലെന്നും ഖാര്‍ഗെ ചോദിച്ചു. ഇതാണ് മോദിയുടെ സമീപനം. അത് തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. രാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ മോദിക്ക് സമയമുണ്ട്. കത്തി എരിയുന്ന മണിപ്പൂരിലേക്ക് പോകാന്‍ സമയമില്ല. ഇഡിയും കേന്ദ്ര ഏജന്‍സികളുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആയുധം. കേരളത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പലരുടെയും അവസ്ഥ പ്രയാസത്തിലാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് കണ്ണുനീര്‍ കുടിക്കേണ്ട അവസ്ഥ വരില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ജനാധിപത്യത്തിനും ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി നില കൊണ്ടവരാണ് കേരളം. മുക്കിലും മൂലയിലും മാത്രമുള്ള പാര്‍ട്ടികളെയല്ല പിന്തുണക്കേണ്ടത്. കോണ്‍ഗ്രസിനൊപ്പം നിലകൊള്ളണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.