ജനസേവന കേന്ദ്രങ്ങളാകാന്‍
ലൈബ്രറികള്‍

Latest News

കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 51 ലൈബ്രറികള്‍ ജനസേവന കേന്ദ്രങ്ങളാകുന്നു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 40 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറികളെ ഹൈടെക്കാക്കി മാറ്റുന്നത്. ഇതിന്‍റെ ഭാഗമായി ലാപ്ടോപ്പ്, എല്‍.സി.ഡി പ്രൊജക്ടര്‍, മൈക്ക് സെറ്റ് എന്നിവ ലൈബ്രറികള്‍ക്ക് നല്‍കും. മുഴുവന്‍ ലൈബ്രറികളിലും കോഹ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പുസ്തകവിതരണവും ഓണ്‍ലൈനാക്കി മാറ്റും. ജില്ലാ ലൈബ്രറിയില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉള്‍പ്പെടെയുള്ള നവീന പദ്ധതിയാണ് നടപ്പാക്കുന്നത്.
കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്യേണ്ട പദ്ധതി കൊവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ കൂടി ഉപകരണങ്ങള്‍ നല്‍കുന്നതോടെ ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ എഴുനൂറോളം ലൈബ്രറികളും ഹൈടെക്കാകും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് 27ന് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശേരി, മട്ടന്നൂര്‍, തലശേരി എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.
കണ്ണൂരില്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം 31ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 7ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കോര്‍പ്പറേഷനിലെ 40 ലൈബ്രറികള്‍ക്കും മുണ്ടേരി പഞ്ചായത്തിലെ 11 ലൈബ്രറികള്‍ക്കുമുള്ള ഉപകരണങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പുതുതായി അഫലിയേഷന്‍ ലഭിച്ച ലൈബ്രറികള്‍ക്ക് അടുത്തഘട്ടത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും.
ജില്ലാ ലൈബ്രറിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.കെ.ബൈജു, എം. ബാലന്‍, കെ. ഗോപി, കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. ബാലന്‍ (ചെയര്‍മാന്‍), എം.ഒ. പ്രസന്നന്‍ (വൈസ് ചെയര്‍മാന്‍), കെ. പ്രകാശന്‍ (കണ്‍വീനര്‍), ഇ.കെ. സിറാജ് (ജോയിന്‍റ് കണ്‍വീനര്‍).

Leave a Reply

Your email address will not be published. Required fields are marked *