ജനന നിയന്ത്രണം ഒഴിവാക്കി ചൈന

Top News

ബെയ്ജിങ്: രാജ്യത്തിന്‍റെ തൊഴില്‍ ശക്തി വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കാന്‍ അനുമതി നല്‍കി ചൈന.കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.നികുതിയിളവ്, ഭവന വായ്പ ഇളവ്, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങി പണം വരെ വാഗ്ദാനം നല്‍കിയാണ് രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചത്.ഗ്ലോബല്‍ ടൈംസിന്‍റെ കണക്കു പ്രകാരം 2021 ന്‍റെ അവസാനത്തില്‍ 141 കോടിയിലേറെ ജനങ്ങള്‍ ചൈനയിലുണ്ട്. എന്നാല്‍ 10.62 ദശലക്ഷം മാത്രമാണ് നവജാത ശിശുക്കള്‍. ജനന നിരക്ക് മരണ നിരക്കിനോട് അടുത്തെത്തിയിരുന്നു. ഇത് ജനസംഖ്യ കുറക്കുമെന്നതിനാലാണ് ജനന നിയന്ത്രണം എടുത്തുകളഞ്ഞത്.ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യമായ ചൈന ജനസംഖ്യ നിയന്ത്രിക്കാനായി ജനന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ചൈനയുടെ ഒറ്റ കുഞ്ഞ് എന്ന വ്യവസ്ഥ പാലിക്കുന്നതിനായി നിര്‍ബന്ധിത ഗര്‍ഭഛിദ്രവും വന്ധ്യംകരണവും വ്യാപകമായിരുന്നു. അതുവഴി നിലവില്‍ ജനസംഖ്യാപ്രതിസന്ധി നേരിടുകയാണ് രാജ്യം. പ്രായമായവരുടെ എണ്ണം കൂടുകയും രാജ്യത്തെ മുന്നോട്ടു നയിക്കുന്ന യുവത്വം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ചൈനീസ് ഭരണകൂടം രംഗത്തെത്തിയത്. മൂന്നു കുട്ടികളാണ് അഭികാമ്യമെന്നാണ് ഭരണകൂടം പറയുന്നത്.
അതേസമയം, ആനുകൂല്യങ്ങള്‍ വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളു. ഏകരക്ഷിതാവിന് പിറക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ ചൈനയില്‍ ഇപ്പോഴും നീണ്ട യാതന അനുഭവിക്കേണ്ടതുണ്ട്.
അവിവാഹിതയായ ഗര്‍ഭിണികള്‍ക്ക് സര്‍ക്കാറിന്‍റെ ചികിത്സയും പ്രസവാവധി ആനുകൂല്യം ലഭിക്കാവുന്ന ഇന്‍ഷുറന്‍സുകളും നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. ഇവരെ തൊഴിലുടമകള്‍ ഗര്‍ഭത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചാല്‍ പോലും നിയമ പരിരക്ഷ ലഭിക്കുകയില്ല.എന്നാല്‍, ചൈനയില്‍ വിവാഹിതരാകാന്‍ തയാറാകുന്ന സ്ത്രീകളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ജീവിതച്ചെലവ് കൂടുമെന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് വെക്കുന്നവരും ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *