ജഡ്ജിമാരുടെ ശമ്പള കമീഷന്‍: ഹൈക്കോടതികളില്‍ സമിതി വേണമെന്ന് സുപ്രീംകോടതി

Top News

ന്യൂഡല്‍ഹി: ജില്ലകളിലെ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ സേവന, വേതന വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കാത്തതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി.സ്വതന്ത്രമായ നീതിവ്യവസ്ഥ ഉറപ്പാക്കാന്‍ ജഡ്ജിമാര്‍ സാമ്പത്തികമായി മാന്യമായ ജീവിതം നയിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സി.ജെ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമീഷന്‍ പ്രകാരം ഈ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളം, പെന്‍ഷന്‍, മറ്റ് റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ എന്നിവയിലെ ഉത്തരവുകള്‍ നടപ്പാക്കുന്നത് മേല്‍നോട്ടം വഹിക്കുന്നതിന് ഓരോ ഹൈകോടതിയിലും രണ്ട് ജഡ്ജിമാരുള്ള സമിതി രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ജില്ല ജുഡീഷ്യറിയുടെ സേവന വ്യവസ്ഥകള്‍ക്ക് വേണ്ടിയുള്ള സമിതി എന്നപേരിലാണ് പുതിയ സംവിധാനം. സമിതിയിലെ രണ്ടംഗങ്ങളില്‍ ഒരാള്‍ ജില്ല കോടതികളില്‍ സേവനം ചെയ്തിരിക്കണം. ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ സമിതിയുടെ എക്സ് ഒഫീഷ്യോ സെക്രട്ടറിയാകും.സമിതിയിലെ മുതിര്‍ന്ന ജഡ്ജിയാകും ചെയര്‍പേഴ്സന്‍. സംസ്ഥാനത്തെ പ്രധാന വകുപ്പുകളിലെ സെക്രട്ടറിമാരായ ഉദ്യോഗസ്ഥരെ സമിതിയിലേക്ക് ചെയര്‍പേഴ്സന് നാമനിര്‍ദേശം ചെയ്യാം. സേവനത്തിലുള്ളതും വിരമിച്ചതുമായ ജഡ്ജിമാരുടെ വേതന ആനുകൂല്യങ്ങളുടെ കുടിശ്ശിക ഫെബ്രുവരി 29നകം നല്‍കണമെന്നും ഉത്തരവിലുണ്ട്.ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ സേവന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണത്തിനായി ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ എട്ടു വര്‍ഷമായി കാത്തിരിക്കുന്നത് ആശങ്കജനകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *