മഹാദേവ് വാതുവെപ്പ് കേസ്
റായ്പൂര്‍: മഹാദേവ് വാതുവെപ്പ് കേസില്‍ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസ്. വിശ്വാസവഞ്ചന, ഗൂഢാലോചന, അഴിമതി കുറ്റങ്ങള്‍ ചുമത്തിയാണ് റായ്പൂര്‍ എക്കണോമിക് ഒഫെന്‍സ് വിഭാഗം ബാഗേലിനെതിരെ കേസെടുത്തത്. ആരോപണ വിധേയനായ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇഡി കണ്ടെത്തിയ വിവരങ്ങളില്‍ ബാഗേലുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ ഛത്തീസ്ഗഢ് പൊലീസിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ട്, 30 തീയതികളിലാണ് രണ്ട് ഫയലുകള്‍ ഛത്തീസ്ഗഢ് പൊലീസിന് കൈമാറിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തത്. മഹാദേവ് ബെറ്റിംഗ് ആപ്പ് ഉടമസ്ഥര്‍ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നല്‍കിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഢില്‍ നടത്തിയ തെരച്ചിലില്‍ 5.39 കോടി രൂപ കണ്ടെടുത്തതായും അസിം ദാസ് എന്നയാളെ അറസ്റ്റ് ചെയ്തതായും ഇ ഡി അറിയിച്ചിരുന്നു. ഇയാളില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു.