ബത്തേരി : കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിന് നിരോധനമേര്‍പ്പെടുത്തിയ കര്‍ണാടകയുടെ നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ ദേശീയപാത 766ല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹൊള്ളയിലേക്ക് മാര്‍ച്ച് നടത്തി. പൊന്‍കുഴിയില്‍ നിന്ന് അതിര്‍ത്തിയിലേക്ക് നാല് കിലോമീറ്റര്‍ കാല്‍നടയാത്രയായാണ് നൂറുകണക്കിന് കര്‍ഷകര്‍ മാര്‍ച്ച് ചെയ്തത്.
അതിര്‍ത്തിയെത്തും മുന്‍പ് കേരള, കര്‍ണാടക പൊലീസ് സംയുക്തമായി മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നു സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കാലിത്തീറ്റയായി ഉപയോഗിക്കുന്ന ചോളത്തണ്ടും വൈക്കോലും തടഞ്ഞത് ജില്ലയിലെ ഇരുപതിനായിരത്തോളം കര്‍ഷകരെ ബാധിക്കുമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകയുടെ തീരുമാനം പിന്‍വലിക്കണമെന്നും ക്ഷീരമേഖലയെ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടകയില്‍ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, ആര്‍.ജെ.ഡി ജില്ലാ പ്രസിഡന്‍റ് കെ.കെ. ഹംസ, സി.പി.ഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി പി.എം. ജോയി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി.ബേബി, കെ. റഫീഖ്, പി.വി. സഹദേവന്‍, എ.എന്‍. പ്രഭാകരന്‍, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്‍റ് കുര്യാക്കോസ് മുള്ളന്‍മട, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് പഞ്ചാര, എന്‍.സി.പി സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്‍റ് ടി. ശശികുമാര്‍, സി.പി.എം ഏരിയ സെക്രട്ടറി പി.ആര്‍. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.