കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ മകംതൊഴല്‍ മാര്‍ച്ച് ആറിന് നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെയാണ് ദര്‍ശനം.ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇക്കുറി ഒരുകോടി രൂപക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഉത്സവം സമാപിക്കുന്ന ഒമ്പതുവരെ ചോറൂണ്, അന്നദാനം, ഭജനം എന്നീ വഴിപാടുകള്‍ ഉണ്ടാകില്ല. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തില്‍ പ്രവേശന വിലക്കുണ്ടാകും. മകം നാളില്‍ പുലര്‍ച്ച നാലിന് നടതുറന്ന് 11 മണിയോടെ അടക്കും.
സ്ത്രീകള്‍ക്കും പുരരുഷന്മാര്‍ക്കും 70 പിന്നിട്ടവര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന ഗ്രൗണ്ട്, ചോറ്റാനിക്കര ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ട്, പെട്രോള്‍ പമ്പിന് സമീപത്തെ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് സൗകര്യം. 1500 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം. 800 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലക്കായി നിയോഗിച്ചിട്ടുള്ളത്. സൗകര്യങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ കലക്ടര്‍ രേണുരാജിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
വാര്‍ത്തസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എം.ബി. മുരളീധരന്‍, പ്രേംരാജ് ചുണ്ടലത്ത്, ബോര്‍ഡ് ഡെപ്യൂട്ടി സെക്രട്ടറി ബിജു ആര്‍. പിള്ള, ചോറ്റാനിക്കര ദേവസ്വം അസി. കമീഷണര്‍ പി.കെ. അംബിക, ചോറ്റാനിക്കര ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് കെ.കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.