.മത്സരപരീക്ഷകളില്‍ ക്രമക്കേടു കാണിച്ചാല്‍ 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും
ന്യൂഡല്‍ഹി: മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും തടയാനുള്ള ബില്‍ ലോക്സഭ പാസാക്കി. മത്സരപരീക്ഷകളില്‍ ക്രമക്കേടു കാണിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കോടി രൂപ വരെ പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.സംഘടിത കുറ്റകൃത്യത്തിനാണ് 10വര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.ചോദ്യപേപ്പറുകള്‍ ചോരുന്നത് വഴി പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിയമം നടപ്പാക്കുന്നത്.ചോദ്യക്കടലാസ് ചോര്‍ത്തുകയോ ഉത്തരക്കടലാസില്‍ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അല്ലെങ്കില്‍ സംഘത്തിന് ചുരുങ്ങിയത് മൂന്നുകൊല്ലം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും.
യുപിഎസ്സി, എസ്എസ്സി, ആര്‍ആര്‍ബി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പരീക്ഷകളും ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളും നിയമത്തിന്‍റെ പരിധിയില്‍ വരുന്നു. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ നാല് വര്‍ഷത്തേക്ക് പരീക്ഷ നടത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.
ഇത്തരം കേസില്‍ പ്രതികളെ പൊലീസിന് വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാനാകും. കൂടാതെ പ്രതിക്ക് ജാമ്യം ലഭിക്കുകയുമില്ല. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനുമാവില്ല. കേസുകള്‍ അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അല്ലെങ്കില്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയായിരിക്കും ചുമതലപ്പെടുത്തുക. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.