ന്യൂഡല്‍ഹി: ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായി ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.ജനറല്‍ ലി ഷാങ്ഫുമായാണ് രാജ്നാഥ് ചര്‍ച്ച നടത്തിയത്. 2020ല്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഇരു പ്രതിരോധമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വിവരം അറിയിച്ചത്. ഷാങ്ഹായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിങ്ങിന് മുന്നോടിയായാണ് ഇരു പ്രതിരോധ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. ഏപ്രില്‍ 28നാണ് യോഗം നടക്കുന്നത്. ചൈന, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്ബെക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാര്‍ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
ഞായറാഴ്ച കോര്‍പ്പസ് കമാന്‍ഡര്‍തല ചര്‍ച്ചകള്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയിരുന്നു. സീനിയര്‍ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടന്ന് നാലുമാസത്തിന് ശേഷമാണ് വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത്.
