ന്യൂഡല്‍ഹി അനധികൃത ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി തുടര്‍ന്ന് മോദി സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി.നേരത്തെ ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 220 ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ചെറിയ തുകയുടെ ലോണിന് പോലും പൌരന്മാര്‍ക്ക് പല മൊബൈല്‍ ആപ്പുകളില്‍ നിന്നും നിരന്തര അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പരാതിയും വ്യാപകമായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ചുള്ള ഭീഷണിയും രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ ഇത്തരം ആപ്പുകളില്‍ നിന്നുണ്ടായി.ഇത്തരം ആപ്പുകളേക്കുറിച്ച് തെലങ്കാനാ, ഒഡീഷ, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര ഇന്‍റലിജന്സിനോട് ആശങ്കകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28 ചൈനീസ് കേന്ദ്രീകൃതമായ ലോണ്‍ ആപ്പുകളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ പ്രവര്ത്തിക്കുന്ന 94 ആപ്പുക്കള്‍ ഇ സ്റ്റോറിലും മറ്റുള്ളവ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായി ആണ് പ്രവര്‍ത്തിച്ചിരുന്നു.