തായ്പെയ്: തായ്ലന്‍ഡിലെ ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും ചൈനയുടെ ഭീഷണിക്കു മുന്നില്‍ തലകുനിക്കില്ലെന്നും പ്രസിഡന്‍റ് സായ് ഇംഗ് വെന്‍. തായ് ദേശീയദിനമായ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
1940ലെ ആഭ്യന്തരയുദ്ധത്തിനിടെ വേര്‍പെട്ട തായ്വാനെ ചൈനയോടു കൂട്ടിച്ചേര്‍ക്കുമെന്നു ശനിയാഴ്ച പ്രഖ്യാപിച്ച ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിംഗിനുള്ള മറുപടിയാണു സായ് ഇംഗ് വെന്‍ നല്കിയത്.
ചൈനയും തായ്വാനും തമ്മിലുള്ള ബന്ധം ഏറ്റവും സങ്കീര്‍ണമായ വേളയാണിതെന്നു സായ് പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്വാന്‍റെ വ്യോമപ്രതിരോധ മേഖലയില്‍ കടന്നുകയറിയ സംഭവം രാജ്യത്തിന്‍റെ സുരക്ഷയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.
തായ്വാന്‍ തിടുക്കത്തില്‍ പ്രതികരിക്കില്ല. ജനാധിപത്യത്തിലൂന്നിയാണു തായ്വാന്‍റെപ്രതിരോധം. ചൈന ഉദ്ദേശിക്കുന്ന വഴിയിലേക്കു തായ്വാനെ കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കും. ചൈന വാഗ്ദാനം ചെയ്യുന്ന വഴി തായ്വാനും അവിടുത്തെ 2.3 കോടി ജനങ്ങള്‍ക്കും സ്വാതന്ത്ര്യമോ പരമാധികാരമോ നല്കുന്നതല്ല. അതേസമയം, ചൈനയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും സായ് ഇന്‍ വെംഗ് കൂട്ടിച്ചേര്‍ത്തു.
തായ്വാനെ സമാധാനപരമായി ചൈനയോടു ചേര്‍ക്കുമെന്നാണു ഷി ചിന്‍പിംഗ് പറഞ്ഞത്. ഹോങ്കോംഗിന്‍റേതു പോലെ, ‘ഒരു രാജ്യം, രണ്ടു ഭരണസംവിധാനം’ തായ്വാനും അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.