ചൈനയുമായി ചര്‍ച്ചനടത്തി ലോകാരോഗ്യ സംഘടന മേധാവി

Top News

ജനീവ: രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍റെ ഡയറക്ടറുമായി ചര്‍ച്ച നടത്തി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്.കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ട ചൈനയുടെ നടപടിയെ സ്വാഗതം ചെയ്ത അദ്ദേഹം കോവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയുടെ സഹകരണവും ആവശ്യപ്പെട്ടു.
‘ചൈനയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് മന്ത്രി മാ ഷിയാവോയിയുമായി ചര്‍ച്ച നടത്തി. വിശദമായ വിവരങ്ങള്‍ പുറത്തുവിട്ട നടപടിയെ അഭിനന്ദിക്കുന്നു. ഇത് തുടരാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. വൈറസിന്‍റെ ഉറവിടം മനസിലാക്കുന്നതിനായി സഹകരണം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’-ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പുതിയ കണക്കുകള്‍ ചൈന പുറത്തുവിട്ടത്. നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം 2022 ഡിസംബര്‍ എട്ടിനും 2023 ജനുവരി 12നുമിടയില്‍ 59,938 കോവിഡ് അനുബന്ധ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിസംബര്‍ ഏഴിന് കോവിഡ് നയങ്ങളില്‍ അയവ് വരുത്തിയതാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *