വാഷിംഗ്ടണ്‍: ഏഴു മാസത്തിനിടെ ആദ്യമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന മത്സരം ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങാതെ സൂക്ഷിക്കണമെന്ന് ബൈഡന്‍ ഷീ ജിന്‍പിങ്ങിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റെടുത്ത ശേഷം ബൈഡന്‍ ഷീ ജിന്‍പിങ്ങുമായി ഫോണില്‍ സംഭാഷണം നടത്തിയിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് ഇരു നേതാക്കളും തമ്മില്‍ സംസാരിക്കുന്നത്.
സംഭാഷണം സൗഹാര്‍ദപരമായിരുന്നുവെന്നും എന്നാല്‍ അമേരിക്കയ്ക്ക് ചൈനയോടുള്ള പല നിലപാടുകളും കടുത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഷീ ജിന്‍പിങ്ങ് ബൈഡനെ അറിയിച്ചതായി ചൈനയിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്‍റെ കാലഘട്ടത്തില്‍ അമേരിക്ക ചൈനയ്ക്കെതിരെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ നിന്നുള്ള പല സാധനങ്ങള്‍ക്കും തദ്ദേശീയ വ്യവസായത്തെ സംരക്ഷിക്കാനെന്ന പേരില്‍ ട്രംപ് ഭരണകൂടം ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനത്തിനെതിരെയുള്ള തങ്ങളുടെ എതിര്‍പ്പ് ഷീ ജിന്‍പിങ്ങ് ബൈഡനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് മുമ്പ്ചില അതിര്‍വരമ്പുകള്‍ വയ്ക്കുക എന്നതായിരുന്നു ബൈഡന്‍റെ ലക്ഷ്യം എന്ന് കരുതുന്നു. ഇത് ആദ്യമായല്ല ചൈനയുടെ മത്സരബുദ്ധി നിയന്ത്രിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കയുടെ സ്റ്റേറ്റ സെക്രട്ടറി ആന്‍റണി ബ്ളിങ്കനും ചൈനീസ് ഉന്നത അധികാരികളും തമ്മില്‍ ഇതേ വിഷയത്തില്‍ നടന്ന ചര്‍ച്ച അലസി പിരിഞ്ഞിരുന്നു. വളരെയേറെ ഉത്തരവാദിത്തമുള്ള ഒരു ലോക രാഷ്ട്രം കാണിക്കേണ്ട മര്യാദകള്‍ ചൈന ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ബ്ളിങ്കന്‍ അന്നത്തെ ചര്‍ച്ചക്കു ശേഷം പ്രതികരിച്ചിരുന്നു.
ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ പ്രശ്നത്തിനു പരിഹാരം കാണുന്നില്ലെന്ന് മനസിലാക്കിയതിനാലാണ് ബൈഡന്‍ നേരിട്ട് ഷീ ജിന്‍പിങ്ങിനെ വിളിക്കാന്‍ കാരണമെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു.
അന്താരാഷ്ട്ര വ്യാപാര കമ്ബോളം പിടിച്ചടക്കാന്‍ ചൈന നടത്തുന്ന അവിശുദ്ധ മാര്‍ഗങ്ങളും തായ്വാന്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ ദ്വീപുകളുടെ മേല്‍ ചൈന ഉന്നയിക്കുന്ന അവകാശവാദങ്ങളുമെല്ലാം അമേരിക്ക ചൈന ബന്ധത്തിലെ കരടുകളാണെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു.