ബെയ്ജിങ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ചൈനയില്‍ 60 വര്‍ഷത്തിനിടെ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തി.141.18 കോടിയാണ് 2022ലെ ജനസംഖ്യ. ഇത് 2021ലേതിനേക്കാള്‍ 8,50,000 കുറവാണ്.
ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് ഇന്ന് കണക്കുകള്‍ പുറത്തുവിട്ടത്. 1,000 പേര്‍ക്ക് 6.77 ജനനമാണ് 2022ല്‍ നടന്നത്. ദേശീയ ജനനനിരക്കില്‍ ഇത് റെക്കോര്‍ഡ് ഇടിവാണ്. കൂടാതെ, രാജ്യത്തെ ജനന നിരക്കിനെ മരണ നിരക്ക് മറികടക്കുകയും ചെയ്തു. 7.37 ആണ് 2022ലെ കണക്കുകള്‍ പ്രകാരമുള്ള മരണനിരക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്. 1976ന് ശേഷം ആദ്യമായാണ് മരണനിരക്ക് ജനന നിരക്കിനെ മറികടക്കുന്നത്.
അതേസമയം, അമേരിക്കയില്‍ 1,000 പേര്‍ക്ക് 11.06 ജനനങ്ങളും ബ്രിട്ടനില്‍ 10.08 ജനനങ്ങളും രേഖപ്പെടുത്തി. ജനസംഖ്യയില്‍ ചൈനയെ പിന്തള്ളാന്‍ ഒരുങ്ങുന്ന ഇന്ത്യയില്‍ 2021ല്‍ ജനനനിരക്ക് 16.42 ആയിരുന്നു.ജനനനിരക്ക് കുറയ്ക്കാനുള്ള ചൈനയുടെ ‘ഒറ്റക്കുട്ടി നയം’ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫലം കാണുന്നുവെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്. കൂടാതെ, യുവാക്കളില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതും വിവാഹവും പ്രസവവും വൈകിപ്പിക്കുന്നതും നവജാതശിശുക്കളുടെ എണ്ണം കുറയ്ക്കുന്നതിന് ഇടയാക്കി. രാജ്യത്ത് ഇനി ‘നെഗറ്റീവ് ജനസംഖ്യാ വളര്‍ച്ചയുടെ കാലഘട്ടം’ വരുന്നതിന്‍റെ സൂചനയാണ് ഇതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.