ബെയ്ജിംഗ്: കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ നല്‍കാന്‍ നീക്കവുമായി ചൈന. മൂന്നു മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് അഞ്ചു പ്രവിശ്യകളിലെ പ്രാദേശിക, പ്രൊവിന്‍ഷല്‍ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കി.
76 ശതമാനം ജനത്തിനും വാക്സിന്‍ നല്‍കിയതിന്‍റെയും കോവിഡ് വ്യാപനത്തോടു വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിന്‍റെയും തുടര്‍ച്ചയായാണ് ഈ നടപടി. 140 കോടി ജനസംഖ്യയില്‍ 107 കോടി ആളുകള്‍ക്കും ചൈന വാക്സിന്‍ നല്‍കിക്കഴിഞ്ഞു.
മൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു സിനോഫാം, സിനോവാക് എന്നീ വാക്സിനുകള്‍ നല്‍കാന്‍ ജൂണില്‍ ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിരുന്നു.
ചൈന ആഭ്യന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയതിനു പിന്നാലെ ചിലി, കംബോഡിയ, അര്‍ജന്‍റീന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഈ വാക്സിന്‍ ഉപയോഗിച്ചുതുടങ്ങി. ഫൈസറും മോഡേണയും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വാക്സിന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയവര്‍ ചൈനയുടെ വാക്സിനുകളാണ് ഉപയോഗിച്ചത്. സെപ്റ്റംബറില്‍ മാത്രം 120 കോടി ഡോസ് വാക്സിന്‍ ചൈന കയറ്റുമതി ചെയ്തു.
അതേസമയം, പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗന്‍സുവിലേക്കു ചൈന പ്രവേശനം തടഞ്ഞു.