ബെയ്ജിംഗ്: പക്ഷിപ്പനിയുടെ എച്ച്3എന്‍8 വകഭേദം മനുഷ്യനില്‍ കണ്ടെത്തിയതായി ചൈന സ്ഥിരീകരിച്ചു. വടക്കേ അമേരിക്കന്‍ ജലപക്ഷികളില്‍ ആദ്യമായി കണ്ടതിനു ശേഷം 2002 മുതല്‍ എച്ച്3എന്‍8 ലോകത്തിന്റെ പല ഭാഗത്തായി കാണപ്പെടുന്നുണ്ട്.
പക്ഷികളെ കൂടാതെ നായ്ക്കളെയും കുതിരകളെയുമൊക്കെ ഇതു ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ വകഭേദം മനുഷ്യരില്‍ ആദ്യമായിട്ടാണ് സ്ഥിരീകരിക്കുന്നതെന്നു ചൈനീസ് അധികൃതര്‍ പറഞ്ഞു.മധ്യ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാലു വയസുകാരന് പനിയും മറ്റ് ലക്ഷണങ്ങളുമായി ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയ്ക്കിടയിലാണ് എച്ച്3എന്‍8 സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. അതുപോലെ കാട്ടു താറാവുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് താമസിക്കുന്നതെന്നും എന്എച്ച്സി പ്രസ്താവനയില്‍ പറഞ്ഞു.ആണ്‍കുട്ടിക്കു പക്ഷികളില്‍നിന്നു നേരിട്ട് രോഗബാധയുണ്ടായെന്നാണ് കരുതുന്നത്. എങ്കിലും മനുഷ്യരില്‍ വ്യാപകമായി ബാധിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല.
ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളില്‍നിന്ന് അകന്നു നില്‍ക്കാനും പനിക്കും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ക്കും ഉടന്‍ ചികിത്സ തേടാനും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നറിയപ്പെടുന്ന പക്ഷിപ്പനി പ്രധാനമായും കാട്ടുപക്ഷികളിലും കോഴികളിലുമാണ് കാണപ്പെടുന്നത്. മനുഷ്യര്‍ക്കിടയില്‍ പകരുന്ന കേസുകള്‍ വളരെ അപൂര്‍വമാണ്. അതേസമയം, 1997ലും 2013ലും കണ്ടെത്തിയ പക്ഷിപ്പനിയുടെ എച്ച്5എന്‍1, എച്ച്7എന്‍9 എന്നി വകഭേദങ്ങള്‍ ഏവിയന്‍ ഇന്ഫ്ലുവന്സയില്നിന്നുള്ള മിക്ക മനുഷ്യരോഗങ്ങള്‍ക്കും ഉത്തരവാദികളാണെന്നു യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് പറയുന്നു.ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഇത്തരം രോഗങ്ങള്പ്രാഥമികമായി രോഗബാധിതരായ മൃഗങ്ങളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഉണ്ടാകുന്നത്. പക്ഷേ, ഈ വൈറസുകള്‍ മനുഷ്യര്‍ക്കിടയില്‍ വ്യാപകമായി പടരാറില്ല. 2012ല്‍, മൃഗങ്ങളില്‍ മാരകമായ ന്യുമോണിയയ്ക്കു കാരണമായതിനെത്തുടര്‍ന്ന് അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്ത് 160ലധികം സീലുകള്‍ ചത്തതു എച്ച്3എന്‍8 കാരണമാണെന്നു കണ്ടെത്തിയിരുന്നു.