ചെസ് ലോകകപ്പ്: പ്രഗ്നാനന്ദ പൊരുതി; കാള്‍സണ്‍ ജേതാവ്

Kerala

ബാക്കു (അസര്‍ബൈജാന്‍): ചെസ് ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയുടെ രമേഷ് ബാബു പ്രഗ്നാനന്ദ പൊരുതി തോറ്റു. ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. കാള്‍സന്‍റെ ആദ്യ ലോകകപ്പ് കിരീടമാണിത്.
ഫൈനലിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചതിനാല്‍ നടന്ന ടൈബ്രേക്കറിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്. ട്രൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ച കാള്‍സണ്‍ രണ്ടാം ഗെയിമില്‍ സമനില പിടിച്ച് കിരീടം ചൂടുകയായിരുന്നു.18 വയസ്സുകാരനായ ആര്‍.പ്രഗ്നാനന്ദ ആദ്യ രണ്ട് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ നിര്‍ത്തി വിറപ്പിച്ചു. ഒടുവില്‍ പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. 32 വയസ്സുകാരനായ മാഗ്നസ് കാള്‍സണിന്‍റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സണും ആര്‍. പ്രഗ്നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോര്‍വീജിയന്‍ ഇതിഹാസം മാഗ്നസ് കാള്‍സണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയില്‍ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദയ്ക്ക് അഭിമാനമായി.
ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്നാനന്ദ. 2000, 2002 വര്‍ഷങ്ങളില്‍ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടുമ്പോള്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍. ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകമുറ, മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോ എന്നിവരെ തോല്‍പിച്ചാണ് പ്രഗ്നാനന്ദ തന്‍റെ ആദ്യ ചെസ് ആദ്യ ചെസ് ലോകകപ്പില്‍ ഫൈനലിലേക്ക് കുതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *