ചെറാട് മല കയറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്തി;കടന്നുകയറ്റം തടയാന്‍ പരിശോധന കര്‍ശനമാക്കും

Top News

പാലക്കാട് : ചെറാട് മല കയറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.ജില്ലാകലക്ടറെ കണ്‍വീനറാക്കി സമിതി രൂപീകരിക്കാനും പാലക്കാട് ചേര്‍ന്ന അടിയന്തര മന്ത്രിതലയോഗത്തില്‍ തീരുമാനമായി.
അനധികൃത ട്രക്കിങ്, സാഹസിക യാത്രകള്‍ എന്നിവ നിയന്ത്രിക്കാന്‍ പൊതു പ്രോട്ടോക്കോള്‍ വേണ്ടി വരുമെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു.അനിധികൃത കടന്നുകയറ്റം തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി. മലയില്‍ ഉച്ചതിരിഞ്ഞ് വനം വകുപ്പ് വീണ്ടും തിരച്ചില്‍ നടത്തുമെന്നും രാത്രിയില്‍ സംഘം മലയില്‍ തുടരുമെന്നും പാലക്കാട് ഡിഎഫ്ഒ അറിയിച്ചു.
പാലക്കാട് ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറിയ സാഹചര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതായി റവന്യുമന്ത്രി കെ. രാജന്‍ അറിയിച്ചിരുന്നു. ബാബുവിന് ലഭിച്ച ഇളവ് ആര്‍ക്കും ലഭിക്കില്ലെന്നും അങ്ങനെ ആരും പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച രാത്രി ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറി സാഹചര്യത്തില്‍ വനം വകുപ്പ് മന്ത്രി, ഡി.എഫ്.ഒ, പൊലീസ് സൂപ്രണ്ട്, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടിയന്തര യോഗം ചേര്‍ന്നിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് സമഗ്രമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അനാവശ്യമായ യാത്രകള്‍ തടയും.
ഇതിനായി ജില്ല കലക്ടറെ കണ്‍വീനറാക്കി സമിതി രൂപീകരിക്കും. എല്ലാ വിഭാഗത്തിലുള്ളവരെയും ഉള്‍പ്പെടുത്തി സമഗ്ര പരിശോധന നടത്തും.
അനധികൃത ട്രക്കിംങ്ങും സാഹസിക യാത്രകളും ക്യാമ്പു ചെയ്യുന്നതും നോക്കിനില്‍ക്കാന്‍ സാധിക്കില്ല. ഏത് വഴിക്കാണ്, എങ്ങോട്ടേക്കാണ് പോകുന്നത്, എന്തു ലക്ഷ്യത്തിനാണ് പോകുന്നത് എന്നത് കൃത്യമായി പരിശോധിക്കും. എന്നിവ നോക്കി നില്‍ക്കാനാവില്ല. വ്യക്തികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തില്ലെന്നും മന്ത്രി പറഞ്ഞു. മകനെതിരെ കേസെടുക്കണമെന്ന ബാബുവിന്‍റെ ഉമ്മയുടെ നിലപാട് മാതൃകാപരമാണ്. അതില്‍ തീരുമാനമെടുക്കേണ്ടത് വനം വകുപ്പാണ്. ബാബു മലയില്‍ കുടുങ്ങിയത് മുതല്‍ സര്‍ക്കാര്‍ എല്ലാവിധത്തിലുള്ള സഹായം ചെയ്തിരുന്നു.
അതിന് വേണ്ടിവെന്ന ചെലവുകള്‍ പൂര്‍ണമായും വഹിച്ചത് സര്‍ക്കാറാണ്. പത്ത് ദിവസത്തിന് ശേഷം പാലക്കാട് വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *