ചെന്നൈ: തമിഴ്നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ തമിഴ്നാട് മദ്ധ്യമേഖലയിലെ ഒന്‍പത് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ തുടരുന്ന കനത്ത മഴയെതുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നുങ്കപാക്കത്ത് 21.5 സെ.മീറ്ററില്‍ ഏറ്റവും കനത്ത മഴ ലഭിച്ചു. 2015ലെ പ്രളയത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ചെന്നൈയില്‍ ലഭിക്കുന്നത്.ഒക്ടോബര്‍ ഒന്നിന് ശേഷം തമിഴ്നാട്ടില്‍ നാല്‍പത്തിമൂന്ന് ശതമാനം അധിക മഴയും ചെന്നൈയില്‍ ഇരുപത്തിയാറ് ശതമാനം അധിക മഴയും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും കേന്ദ്രത്തിന്‍റെ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തനങ്ങള്‍ക്കായി മധുര, ചെങ്കല്‍പേട്ട്, തിരുവള്ളൂവര്‍ എന്നിവിടങ്ങളില്‍ നാല് ദേശീയ ദുരന്തനിവാരണ സേയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചു. കൂടാതെ തഞ്ചാവൂര്‍, കടലൂര്‍ ജില്ലകളിലേക്ക് സംസ്ഥാന ദുരന്തനിവാരണ സേനയെയും വിന്യസിച്ചു.