. പൊലീസ് അനുമതി നിഷേധിച്ചു, വിലക്ക് ലംഘിച്ച് സമരക്കാര്‍
. മുതിര്‍ന്ന നേതാക്കളും എംപിമാരും അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു നീക്കി
. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹസമരത്തിന് കോണ്‍ഗ്രസ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് സംഘര്‍ഷത്തിനു തുടക്കം.
ബാരിക്കേഡുകള്‍ വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കാന്‍ തുടങ്ങി. ഇതോടെ വിലക്കു ലംഘിച്ച് സംഘടനാ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ എംപിമാരടക്കമുള്ളവര്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് തുടര്‍ന്നു.
പന്തം കൊളുത്തി പ്രതിഷേധത്തിന് അനുമതി നല്‍കാന്‍ ആവില്ലെന്ന നിലപാട് ഡല്‍ഹി പൊലീസ് കൈക്കൊണ്ടു. മലിനീകരണമടക്കമുള്ള കാര്യങ്ങള്‍ പോലീസ് ചൂണ്ടിക്കാട്ടി.പ്രദേശത്ത് നിലവില്‍ അനുമതി നല്‍കുക സാധ്യമല്ലെന്നും ജാഥ കടന്നുപോകുന്ന പല സ്ഥലങ്ങളിലും നിരോധനാജ്ഞയുള്ളതിനാല്‍ കൂട്ടം കൂടാന്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞാണ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കിയത്. പി. ചിദംബരം, ഹരീഷ് റാവത്ത്,ജെ.പി അഗര്‍വാള്‍, ജ്യോതിമണി തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി.എന്‍ പ്രതാപനും ഡീന്‍കുര്യാക്കോസും ജെ.ബി മേത്തറും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. പ്രവര്‍ത്തകര്‍ കൊളുത്തിയ പന്തങ്ങള്‍ പൊലീസ് പിടിച്ചെടുത്തു അണച്ചു. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകുന്ന വാഹനം സമരക്കാര്‍ തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ ചെങ്കോട്ട പരിസരത്ത് സുരക്ഷാസന്നാഹം ശക്തമാക്കി.
രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹ സമരം നടത്തുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ജയറാം രമേശും അറിയിച്ചു. ജയ് ഭാരത് സത്യാഗ്രഹ എന്നാണ് സമരപരിപാടിക്ക് പേരിട്ടിരിക്കുന്നത്. ഇന്നുമുതല്‍ ഏപ്രില്‍ എട്ടുവരെ ദേശീയതലത്തിലും ഏപ്രില്‍ 15 മുതല്‍ 20 വരെ ജില്ലാതലത്തിലും ഏപ്രില്‍ 20 മുതല്‍ 30 വരെ സംസ്ഥാനതലത്തിലും സത്യാഗ്രഹം നടത്തും.
അദാനിവിഷയത്തില്‍ പ്രധാനമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കത്തയക്കും.പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ബിജെപി അദാനിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്ന് കെ. സി. വേണുഗോപാല്‍ വിമര്‍ശിച്ചു. ഔദ്യോഗിക വസതി നഷ്ടപ്പെട്ടതില്‍ രാഹുലിന് ദുഃഖമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ അപ്പീല്‍ എപ്പോള്‍ നല്‍കണമെന്ന് ലീഗല്‍ ടീം തീരുമാനിക്കുമെന്നും വൈകാതെ അപ്പീല്‍ നല്‍കുമെന്നും കെ. സി.വേണുഗോപാല്‍ അറിയിച്ചു.