. അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്
തിരുവനന്തപുരം:ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം.അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വ്വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതാണ് ഓര്‍ഡിനന്‍സ്. 14 സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്.
ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പുഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണിതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ചാന്‍സലര്‍ പദവിയില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തിന്‍റെ പരിഷ്ക്കരണത്തിന്‍റെ ഭാഗമായാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ നിര്‍വേറ്റുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വിസിമാരുടെ നിയമനവിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്ന് വളരെ ശ്രദ്ധേയമാണ്.
അതിനിടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരാന്‍ ഗവര്‍ണറുടെ ഒപ്പ് വേണം. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഗവര്‍ണറുടെ അടുത്തനിക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.