തട്ടിക്കൂട്ട് ബില്ലെന്ന് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷത്തിന്റേത് അപകടകരമായ രാഷ്ട്രീയമെന്ന് നിയമ മന്ത്രി
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി.രാജീവാണ് ബില്‍ അവതരിപ്പിച്ചത്.ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തില്‍ നിയമ പ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് ബില്‍ കൊണ്ടുവന്നത്. ഇത് തട്ടിക്കൂട്ട് ബില്ലാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി.സതീശന് പറഞ്ഞു.പല പരിഷ്കാരങ്ങളും യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. നിയമനാധികാരിയായി ബില്‍ നിര്‍ദ്ദേശിക്കുന്ന ഉന്നത വിദ്യാഭ്യാസമന്ത്രി പ്രോട്ടോകോള്‍ പ്രകാരം ചാന്‍സലര്‍ക്ക് കീഴില്‍ വരുമെന്നും ഇത് ശരിയല്ലെന്നും സതീശന് അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് ഇഷ്ടമുള്ള ആരെയുംനിയമിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുജിസി ചട്ടമുന്നയിച്ച് ബില്‍ കേന്ദ്ര നിയമത്തിനു എതിരാണെന്ന് പറയുന്ന പ്രതിപക്ഷ നിലപാട് അപകടകരമായ രാഷ്ട്രീയമാണെന്ന് മന്ത്രി പി.രാജീവ് തിരിച്ചടിച്ചു. കേരള കലാമണ്ഡലമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന മാതൃക. സര്‍വകലാശാലയ്ക്ക് മല്ലിക സാരാഭായിയേക്കാള്‍ മികച്ചൊരു ചാന്‍സലറെ നിര്‍ദ്ദേശിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.സബ്ജക്ട് കമ്മിറ്റിക്ക് അയക്കുന്ന ബില്‍ ഈ മാസം 13 നു നിയമസഭ പാസ്സാക്കും. സഭ പാസ്സാക്കിയാലും ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റി ആ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെയോ അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരെയൊ നിയമിക്കുക എന്നതാണ് ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്.