. സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി
ന്യൂഡല്‍ഹി : സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രം അംഗീകാരം. ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി തടഞ്ഞുവച്ചിരിക്കുകയാണെന്ന് രാജ്ഭവന്‍റെ വാര്‍ത്താക്കുറിപ്പ്.മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് രാഷ്ട്രപതിയുടെ തീരുമാനം. എന്നാല്‍ ഗവര്‍ണറെ സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണിത്.
ലോകായുക്ത ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നല്‍കിയില്ല. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്‍റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവര്‍ണര്‍ അയച്ചത്. നിയമസഭാ പാസാക്കിയ പൊതുജനാരോഗ്യ ബില്ലില്‍ ഏറെ നാള്‍ ഒപ്പിടാതെ വെച്ച ശേഷം ഒപ്പിട്ട ശേഷമായിരുന്നു മറ്റ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന നിര്‍ണായക നിരീക്ഷണം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗവര്‍ണറുടെ നീക്കം.