ചലച്ചിത്രമേളയ്ക്ക്
ഇന്ന് തിരിതെളിയും

Entertainment Kerala

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവച്ച 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് നിശാഗന്ധിയില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്‍റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചു കൊണ്ടാകും ചലച്ചിത്രമേളയ്ക്ക് ഇക്കുറി തുടക്കമാകുന്നത്.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നേടിയ ഴാങ് ലുക് ഗൊദാര്‍ദിനു വേണ്ടി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഗൊദാര്‍ദിനു ചടങ്ങില്‍ നേരിട്ട് എത്താന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈനായി അദ്ദേഹം ആശംസകള്‍ പങ്കുവയ്ക്കും. എംഎല്‍എമാരായ വി.കെ. പ്രശാന്ത്, മുകേഷ്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, മുന്‍ ചെയര്‍മാന്‍ ടി.കെ. രാജീവ് കുമാര്‍, വൈസ് ചെയര്‍ പേഴ്സണ്‍ ബീനപോള്‍, സെക്രട്ടറി അജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോവാഡിസ്, ഐഡ പ്രദര്‍ശിപ്പിക്കും.കോവിഡ് മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മേളയുടെ ഉദ് ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. നിശാഗന്ധിയും പരിസരവും ഫ്യുമിഗേറ്റ് ചെയ്തിട്ടുണ്ട്. തെര്‍മല്‍ സ്കാനിംഗ് ഉള്‍പ്പടെ കര്‍ശന കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ഉദ്ഘാടന ചടങ്ങ് നടത്തുന്നത്.കോവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ഇക്കുറി രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമാണ് മേള. പാലക്കാടാണ് സമാപന വേദി.ആറ് വേദികളിലായി 80 സിനിമകളാണ് അഞ്ച് ദിവസം നീളുന്ന തിരുവനന്തപുരത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ആദ്യദിനമായ ഇന്ന് നാല് മത്സര ചിത്രങ്ങളടക്കം 18 സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. തിരുവനന്തപുരത്തെ മേള ഞായറാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *