ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം : നമ്മുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടതു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തേയും പൈതൃകത്തേയും കുറിച്ചുള്ള അടിസ്ഥാന ധാരണപോലും മാറ്റിമറിക്കുന്ന പ്രതിലോമ സാമൂഹിക ഇടപെടലുകളെ ചെറുക്കാന്‍ വസ്തുനിഷ്ഠമായ ചരിത്ര പഠനത്തിനു സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പുരാരേഖ വകുപ്പ് സജ്ജമാക്കിയ താളിയോല മ്യൂസിയം നാടിനു സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.ചരിത്രത്തെ അപനിര്‍മിക്കാനും വ്യാജചരിത്രം പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നൂതന സാങ്കേതികവിദ്യകളെ ഇതിനായി ദുരുപയോഗം ചെയ്യുന്നു. സത്യം ചെരിപ്പിടാന്‍ തുടങ്ങുമ്പോഴേയ്ക്കു നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്നു പറയുന്നതുപോലെ യഥാര്‍ഥ ചരിത്ര രേഖകള്‍ വെളിപ്പെടുംമുന്‍പേ വ്യാജ ചരിത്രം നമ്മുടെ വിരല്‍ത്തുമ്പിലെത്തുന്ന സ്ഥിതിയാണ്. ഇതു വലിയ അപകടമാണ്. ഏതെങ്കിലും പ്രത്യേക അജണ്ടയുടെ ഭാഗമായല്ലാതെ, സമഗ്രമായ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലുള്ള ചരിത്ര ഗവേഷണങ്ങള്‍ നടത്തപ്പെടണം. താളിയോല രേഖാ മ്യൂസിയം പോലുള്ള സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിലൂടെയും സംരക്ഷിക്കുന്നതിലൂടെയും ഈ വലിയ സാമൂഹിക ഉത്തരവാദിത്തം നാട് ഏറ്റെടുക്കുകയാണ്.
വര്‍ത്തമാനത്തേയും ഭാവിയേയും ബന്ധിപ്പിക്കുന്ന പാലമാണു ചരിത്രം എന്ന സമീപനത്തോടെയാണു പൂരാരേഖ വകുപ്പിന്‍റെ വികസനത്തിനു സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. ആറര വര്‍ഷത്തിനിടെ 37 കോടിയുടെ വികസന പദ്ധതികള്‍ വകുപ്പില്‍ നടപ്പാക്കി. 64 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. പുരാരേഖകളുടെ പഠനത്തിനും ഗവേഷണത്തിനും കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ ഇന്‍റര്‍നാഷണല്‍ ആര്‍ക്കൈവ്സ് ആന്‍ഡ് ഹെറിറ്റേജ് സെന്‍റര്‍ ആരംഭിക്കുന്നതിനു നടപടി സ്വീകരിച്ചു. ഇതിനായി കാര്യവട്ടം ക്യാംപസില്‍ ഒരു ഏക്കര്‍ സ്ഥലം ലഭ്യമാക്കി. സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി നെതര്‍ലാന്‍റ്സുമായി കരാര്‍ ഒപ്പിട്ടതടക്കമുള്ള ബഹുമുഖ ഇടപെടലുകളും നടത്തി. വൈക്കം സത്യഗ്രഹ ഗാന്ധി സ്മാരക മ്യൂസിയം എന്ന പേരില്‍ പുരാരേഖ വകുപ്പിന്‍റ ആഭിമുഖ്യത്തില്‍ ലോകോത്തര നിലവാരമുള്ള ആര്‍ക്കൈവല്‍ മ്യൂസിയം സജീകരിച്ചിട്ടുണ്ട്. അയിത്തം കല്‍പ്പിച്ച് ഗാന്ധിജിയെപ്പോലും പുറത്തിരുത്തിയ ചരിത്രം കേരളത്തിനുണ്ടെന്നത് ഓര്‍മിപ്പിക്കുന്നതാണ് ഈ മ്യൂസിയം. അവിടെനിന്ന് ഇന്നത്തെ നിലയിലേക്കു കേരളം എത്തിച്ചേര്‍ന്നത് എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയുമാണ്.
പദ്ധതിയുടെ രണ്ടാം ഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഗതാഗത മന്ത്രി ആന്‍റണി രാജു, മ്യൂസിയം – പുരാവസ്തു – പുരാരേഖ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടരി ഡോ. വി. വേണു, കൗണ്‍സിലര്‍ പി. രാജേന്ദ്രന്‍ നായര്‍, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *