ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലെ കില്‍ത്താന്‍, ചെത്ലത്ത്, ബിത്ര ദ്വീപുകളിലേക്ക് ചരക്കുകപ്പല്‍ സര്‍വിസില്ലാത്തത് ദ്വീപുകാരെ വലിയ പ്രതിസന്ധിയിലാക്കി.കൊച്ചിയില്‍ നിന്നുള്ള യാത്രക്കപ്പലുകള്‍ വഴി അവശ്യസാധനങ്ങള്‍ മാത്രമാണ് ദ്വീപിലെത്തുന്നത്. നിര്‍മാണ സാമഗ്രികളും ഫര്‍ണിച്ചറുകളും, മരത്തടികളും മറ്റും ബേപ്പൂര്‍ തുറമുഖം വഴിയായിരുന്നു എത്തിച്ചിരുന്നത്.
മൂന്നുമാസമായി തുറമുഖത്തുനിന്ന് ചെറുകപ്പല്‍ സര്‍വിസ് നിലച്ചിട്ട്.’ടൗട്ടെ’ ചുഴലിക്കാറ്റില്‍ കില്‍ത്താന്‍, ചെത്ലത്ത്, ബിത്ര ദ്വീപുകളിലെ നൂറുകണക്കിന് മീന്‍പിടിത്ത ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇത്തരം ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് മര ഉരുപ്പടികള്‍ ലഭിക്കാത്തതിനാല്‍ മത്സ്യബന്ധന തൊഴില്‍ മേഖല സ്തംഭിച്ചിരിക്കയാണ്.
ബേപ്പൂര്‍ തുറമുഖത്തു നിന്നും അടിയന്തരമായി ബാര്‍ജ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് നിവേദനം നല്‍കിയതായി ലക്ഷദ്വീപ് സംയുക്ത ജനകീയ മുന്നണി ചെയര്‍മാന്‍ സി.പി. സബൂര്‍ ഹുസൈന്‍ അറിയിച്ചു.