. ചന്ദ്രന്‍റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ
. സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം
ബംഗ്ളൂരു: അഭിമാനനേട്ടവുമായി രാജ്യം. ചന്ദ്രയാന്‍ മൂന്ന് ദൗത്യം പൂര്‍ണ്ണ വിജയം. ഇതോടെ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യ ലോകത്തിന്‍റെ നെറുകയിലെത്തി. ഐഎസ്ആര്‍ഒ പ്രതീക്ഷിച്ച കൃത്യസമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യന്‍ ലാന്‍ഡര്‍ ചന്ദ്രനെ തൊട്ടത് ഐ എസ് ആര്‍ ഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തില്‍ മുങ്ങി.
ഇന്നോളം ഒരു രാജ്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യക്കൊപ്പം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ട റഷ്യയുടെ ലൂണ 25 ദിവസങ്ങള്‍ക്കുമുമ്പ് തകര്‍ന്നു വീണിരുന്നു.
ബുധനാഴ്ച വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 6.03 ഓടെ വിജയകരമായിപൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. സോഫ്റ്റ് ലാന്‍ഡിംഗ് അതീവ ദുഷ്കരമായ മേഖലയിലാണ് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.
അമേരിക്ക,സോവിയറ്റ് യൂണിയന്‍, ചൈന എന്നീഇവരാണ് ഇതിനുമുമ്പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്.ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ്ഫഷന്‍സ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടത്തിയത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുള്ള സിഗ്നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത്.
ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ അവസാനഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്.
ചന്ദ്രനില്‍നിന്ന് കുറഞ്ഞത് 25 കിലോമീറ്റര്‍ അടുത്തായി ഭ്രമണം ചെയ്യുന്ന ചന്ദ്രയാനെ നാലു ഘട്ടമായി താഴ്ത്തിയാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ കമാന്‍ഡ് നെറ്റ് വര്‍ക്കിലെ മിഷന്‍ ഓപ്പറേത്. റഫ് ബ്രേക്കിംഗ് എന്ന ഘട്ടത്തില്‍ സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ പ്രവേഗത്തില്‍ 90 ഡിഗ്രിയില്‍ തിരശ്ചീനമായി സഞ്ചരിക്കുന്ന പേടകത്തെ ലംബദിശയില്‍ കൊണ്ടു വരുന്നതായിരുന്നു ആദ്യപടി.
690 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ ചന്ദോപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച പേടകത്തെ 7.4 കിലോമീറ്ററിലേക്ക് താഴ്ത്തിക്കൊണ്ടുവന്നു. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന പേടകം ലാന്‍ഡിംഗ് നടക്കുന്ന പ്രദേശത്തേക്ക് 713.5 കിലോമീറ്റര്‍ സഞ്ചരിച്ചു. ലാന്‍ഡറിലെ നാല് ത്രസ്റ്ററുകളില്‍ രണ്ടെണ്ണം വീതം വിപരീതദിശകളില്‍ ജ്വലിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്.
പിന്നീട് ഓള്‍റ്റിറ്റ്യൂഡ് ഹോള്‍ഡ് ഫേസില്‍ പത്തുസെക്കന്‍ഡ് സമയം ത്രസ്റ്ററുകള്‍ പ്രവര്‍ത്തിച്ച് പേടകത്തെ ലംബദിശയിലേക്കു തിരിച്ച് ചന്ദ്രനില്‍നിന്ന് 6.8 കിലോമീറ്റര്‍ താഴ്ത്തിക്കൊണ്ടുവന്നു. തിരശ്ചീനപ്രവേഗം സെക്കന്‍ഡില്‍ 336 മീറ്ററും ലംബപ്രവേഗം സെക്കന്‍ഡില്‍ 59 മീറ്ററുമായിരിുന്നു പ്രവേഗം.
അവസാന ഘട്ടമായ ഫൈന്‍ ബ്രേക്കിംഗ് ഫേസില്‍ 175 സെക്കന്‍ഡ് ത്രസ്റ്റുകള്‍ പ്രവര്‍ത്തിച്ച് പേടകത്തെ പൂര്‍ണായും ലംബദിശയില്‍ എത്തിച്ചു. ചന്ദ്രോപരിതലത്തില്‍നിന്ന് 800 മുതല്‍ 1000 മീറ്റര്‍ ഉയരത്തിലെത്തിയ പേടകം നേരേ താഴേക്കു ലാന്‍ഡ് ചെയ്യാന്‍ ആരംഭിച്ചു. ടെര്‍മിനല്‍ ഡിസെന്‍റ് ഫേസ് എന്നാണ് ഇതിനു പറയുന്നത്. 131 സെക്കന്‍ഡ് ത്രസ്റ്ററുകള്‍ പ്രവര്‍ത്തിച്ച് പേടകം ചന്ദ്രോപരിതലത്തില്‍നിന്ന് 150 മീറ്റര്‍ ഉയരത്തില്‍എത്തിച്ചു. 22 സെക്കന്‍ഡ് ലാന്‍ഡര്‍ അവിടെ ഹോള്‍ഡ് ചെയ്തു. പേടകത്തിലെ കാമറകള്‍ പ്രദേശത്തിന്‍റെ ചിത്രങ്ങളെടുത്ത് ലാന്‍ഡിംഗ് പ്രദേശത്തിന്‍റെസ്വഭാവം പരിശോധിച്ച് അവിടം അനുയോജ്യമെന്ന് കണ്ട് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി.
ദൗത്യം വിജയകരമായതോടെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥന്‍റെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞര്‍ കരഘോഷംമുഴക്കി. പരസ്പരം കെട്ടിപ്പുണര്‍ന്നു.
മിഴികള്‍ ആഹ്ലാദംകൊണ്ട് ഈറനായി. കുറേക്കാലത്തെ രാവും പകലും നീണ്ട അധ്വാനത്തിന്‍റെ ഫലമായി ഈ അഭിമാന നേട്ടം.ഇനി വിക്രം ലാന്‍ഡറിലെ റാംപ് തുറക്കുകയും റോവര്‍ പുറത്തുവരികയും ചെയ്യും. പ്രജ്ഞാന്‍ റോവര്‍ ആണ് ചന്ദ്രനില്‍ സഞ്ചാരം നടത്തി പഠനങ്ങള്‍ നടത്തുക.ചിത്രങ്ങള്‍ ഭൂമിയിലേക്കയക്കും.ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്‍ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി.
ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്‍റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയും (എല്‍.പി. ഡി.സി.) ഓഗസ്റ്റ് 20-ന് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ 4-ഉം പകര്‍ത്തിയ ചന്ദ്രന്‍റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരുന്നു.