. ലക്ഷ്യത്തിലേക്കടുക്കുന്നു; 23 ന് സോഫ്റ്റ് ലാന്‍ഡിംഗ്
തിരുവനന്തപുരം:ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ ‘വേര്‍പിരിയല്‍’ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ലാന്‍ഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രധാന ദൗത്യം പൂര്‍ത്തിയാക്കി.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രമായ ഇസ്ട്രാക്ക് നല്‍കിയ കമാന്‍ഡ് സ്വീകരിച്ച് ലാന്‍ഡറില്‍നിന്ന് മൊഡ്യൂള്‍ വേര്‍പെട്ടു. അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് ഇന്ന് വൈകിട്ട് നാലിന് നടക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ആഗസ്ത് 23നാണ് പേടകത്തിന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്ട് ലാന്‍ഡിംഗ് നടത്തിയാല്‍ ഇന്ത്യയുടെ ചാന്ദ്ര സ്വപ്നം പൂര്‍ണ്ണമായി പൂവണിയുകയും ചന്ദ്രയാന്‍ 3 ഇന്ത്യയുടെ അഭിമാനത്തിന്‍റെ തിലകക്കുറിയായി മാറുകയും ചെയ്യും.